ലക്‌നൗ: തിയേറ്ററുകളിൽ ജയിലർ ജൈത്ര യാത്ര തുടരുമ്പോൾ ഭാര്യ ലതയോടൊപ്പം ഉത്തരേന്ത്യൻ സന്ദർശനത്തിലാണ് തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്ത്. ഇന്നലെ അദ്ദേഹം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സന്ദർശിച്ചിരുന്നു. മുൻ ഗൊരഖ്പൂർ ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ കൂടിയായിരുന്നയോഗിയുടെ കാൽ തൊട്ട് വന്ദിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതോടെ ചിലർ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
രജനി കാന്ത് കാൽ തൊട്ട് വണങ്ങിയത് തമിഴ് ജനതയ്ക്ക് അപമാനം എന്ന രീതിയിലാണ് ചിലർ വിമർശനം പ്രചരിപ്പിക്കുന്നത്. എന്നാൽ വളരെ താത്പര്യത്തോടെ കാൽ തൊട്ട് ഉപചാരം അർപ്പിച്ചതിൽ എന്ത് തെറ്റാണ് കാണാൻ സാധിക്കുകയെന്ന് ചോദിച്ച് നിരവധി പേരാണ് രജനിയ്ക്ക് പിന്തുണയുമായി എത്തിയത്. കാൽ തൊട്ട് ഉപചാരം അർപ്പിച്ചത് രജനിയുടെ നല്ല സംസ്‌കാരത്തെയാണ് കാണിക്കുന്നതെന്നാണ് തലൈവർ ആരാധകർ പറയുന്നത്. കൂടിക്കാഴ്ചക്കിടെ യോഗി ആദിത്യനാഥ് രജനിയ്ക്ക് ഒരു പുസ്തകവും ചെറിയ ഗണപതി വിഗ്രഹവും സമ്മാനിച്ചിരുന്നു.
രജനിയുടെ കാൽ തൊട്ട് വണങ്ങിയുള്ള ഉപചാരം വൈറലാവുമ്പോൾ, തെന്നിന്ത്യയിലെ മറ്റൊരു താരമായ കമൽഹാസൻ അദ്ദേഹത്തിന് മറുപടി നൽകിയെന്നാണ് ചിലർ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ദൈവത്തെ കൊണ്ടുവന്ത് നിർത്തിവിട്ടാലും, കുമ്പിടമാട്ടേൻന്ന് കമൽഹാസൻ പറയുന്നത് മാസ് ബിജിഎമ്മിനോടൊപ്പമാണ് പ്രചരിപ്പിക്കുന്നത്. നാളെ ഏതെങ്കിലും മന്ത്രശക്തിയുള്ള സ്വാമിമാർ ഒരു ദൈവത്തെ കൊണ്ട് നിർത്തായാലും കൈകൂപ്പി അവരെ വരവേൽക്കും, പക്ഷേ അവരുടെ മുമ്പിൽ കുമ്പിടില്ല,’ എന്നാണ് കമൽ ഹാസൻ പറഞ്ഞിരുന്നത്. കമൽ ഹാസന്റേതായി 2015ൽ പുറത്തിറങ്ങിയ തൂങ്കാവനം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിങ്ങിനിടെ നടൻ നടത്തിയ പ്രസംഗമാണിത്. ഇതാണ് രജനികാന്തിന് മറുപടി നൽകി എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.
Discussion about this post