ന്യൂഡല്‍ഹി: പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാമന്ത്രി നരേന്ദ്രമോദി നാളെ ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിക്കും. ജോഹന്നസ്ബര്‍ഗില്‍ വച്ച് ഓഗസ്റ്റ് 22 മുതല്‍ 24 വരെയാണ് ബ്രിക്‌സ് രാജ്യങ്ങളുടെ യോഗം നടക്കുന്നത്.
ഇത് പ്രധാനമന്ത്രിയുടെ ദക്ഷിണാഫ്രിക്കയിലേക്കുള്ള മൂന്നാമത്തെ സന്ദര്‍ശനമാണ്. വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയാണ് പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ മാദ്ധ്യമങ്ങളോട് പങ്ക് വച്ചത്. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന മറ്റ് രാഷ്ട്രത്തലവന്‍മാരുമായും പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തും.
‘ബ്രിക്‌സും ആഫ്രിക്കയും: ത്വരിത വളര്‍ച്ചയ്ക്കും സുസ്ഥിര വികസനത്തിനും ബഹുമുഖതയ്ക്കും വേണ്ടിയുള്ള പരസ്പര പങ്കാളിത്തം’ എന്നതാണ് പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിയുടെ പ്രമേയം.
കോവിഡ് വ്യാപനത്തിന് ശേഷം തുടര്‍ച്ചയായി മൂന്ന് വര്‍ഷം വെര്‍ച്വല്‍ മീറ്റിംഗുകളിലൂടെയാണ് ബ്രിക്‌സ് ഉച്ചകോടി സംഘടിപ്പിച്ചിരുന്നത്. കോവിഡിന് ശേഷമുള്ള ആദ്യത്തെ വ്യക്തിഗത ബ്രിക്സ് ഉച്ചകോടിയാണിത്.
ജോഹന്നാസ്ബര്‍ഗിലെ മറ്റ് പരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷം, പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസിന്റെ ക്ഷണപ്രകാരം ഓഗസ്റ്റ് 25 ന് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഗ്രീസിലേക്ക് പോകും.
Discussion about this post