ന്യൂഡൽഹി : 2023ലെ ആദ്യ ആറ് മാസങ്ങളിൽ ഇന്ത്യയുടെ വിദേശ വ്യാപാരം 800 ബില്യൺ ഡോളർ കടന്നതായി ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവിന്റെ റിപ്പോർട്ട്. കയറ്റുമതിയിൽ 2022 നെക്കാളും 1.5 ശതമാനം വർദ്ധനവ് ഈ ഈ വർഷത്തിന്റെ ആദ്യപകുതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇറക്കുമതിയിൽ 5.9 ശതമാനം ഇടിവും ഈ വർഷം രേഖപ്പെടുത്തി.
ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി 1.5 ശതമാനം ഉയർന്ന് 385.4 ബില്യൺ ഡോളറിലെത്തി. 2022 ലെ ജനുവരി-ജൂൺ കാലയളവിൽ ഇത് 379.5 ബില്യൺ ഡോളറായിരുന്നു. ഈ വർഷത്തെ ആറ് മാസങ്ങളിൽ ഇറക്കുമതി 2022 ജനുവരി-ജൂൺ മാസങ്ങളിലെ 441.7 ബില്യൺ ഡോളറിൽ നിന്ന് 5.9 ശതമാനം ഇടിഞ്ഞ് 415.5 ബില്യൺ ഡോളറായി.
രാജ്യത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയും ഇറക്കുമതിയും ചേർന്ന വിദേശ വ്യാപാരം 2023 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 800.9 ബില്യൺ ഡോളറിലെത്തി. സേവന കയറ്റുമതി 17.7 ശതമാനം വർധിച്ച് 166.7 ബില്യൺ ഡോളറായി. ഇന്ത്യയുടെ കയറ്റുമതിയുടെ 25 ശതമാനം വരുന്ന 29 ഉൽപ്പന്ന വിഭാഗങ്ങളിൽ 11 എണ്ണവും 2023 ജനുവരി-ജൂൺ കാലയളവിൽ പോസിറ്റീവ് കയറ്റുമതി വളർച്ച രേഖപ്പെടുത്തി. ടെലികോം, കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, യന്ത്രങ്ങൾ, ബോയിലറുകൾ, ടർബൈനുകൾ, ഫാർമസ്യൂട്ടിക്കൽസ്, സെറാമിക് ഉൽപ്പന്നങ്ങൾ എന്നിവയാണ് പോസിറ്റീവ് വളർച്ച രേഖപ്പെടുത്തിയ ഇന്ത്യയുടെ കയറ്റുമതി ഉൽപ്പന്നങ്ങൾ.
Discussion about this post