ആലുവ: മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്‌കാരം നടത്തിയ ആൾ ഏഴാം നാൾ തിരിച്ചെത്തി. ആലുവയിലാണ് സംഭവം. ചുണങ്ങംവേലി സ്വദേശി ആന്റണിയാണ് ഏഴാം നാൾ ജീവനോടെ നാട്ടിൽ എത്തിയത്. ഏഴാം ദിന മരണാനന്തര ചടങ്ങുകൾ സെമിത്തേരിയിൽ നടക്കുമ്പോഴാണ് ആന്റണി ബസ് ഇറങ്ങിയത്. ശവസംസ്‌കാര ചടങ്ങിൽ സജീവമായി പങ്കെടുത്ത അയൽക്കാരൻ സുബ്രമണ്യന്റെ മുമ്പിലാണ് ‘ പരേതൻ’ ആദ്യം എത്തിയത്. ഒന്ന് അമ്പരന്നെങ്കിലും സ്വപ്‌നമല്ലെന്ന് മനസിലായതോടെ അദ്ദേഹം പഞ്ചായത്തംഗങ്ങളെ അടക്കം വിളിച്ചുവരുത്തി വന്നത് ഒർജിനൽ ആന്റണിയാണെന്ന് ഉറപ്പ് വരുത്തി.
അവിവാഹിതനായ ആന്റണി മൂവാറ്റുപുഴ ഭാഗത്ത് ചെറിയ തൊഴിലെടുത്ത് അവിടെ തന്നെ താമസിച്ച് വരികയായിരുന്നു. അവിടെ നിന്ന് ഇന്നലെ നാട്ടിൽ എത്തിയപ്പോഴാണ് താൻ മരിച്ചതിന്റെ ഏഴാംദിന ചടങ്ങുകൾ ചുണങ്ങംവേലിയിലെ സെമിത്തേരിയിൽ നടക്കുന്ന വിവരം അറിഞ്ഞത്.
ഓഗസ്റ്റ് പതിനാലിനാണ് ആന്റണി മരിച്ചതായി ബന്ധുക്കൾ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് പതിമൂന്നിന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടയാളെ അങ്കമാലി പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടുത്ത ദിവസം ഇയാൾ മരണപ്പെട്ടു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ആന്റണിയുടേതാണെന്ന് ആദ്യം ‘തിരിച്ചറിഞ്ഞത്’ സഹോദരിയാണ്. തുടർന്ന് മറ്റ് ബന്ധുക്കളും ഇത് ആന്റണിയുടെ മൃതദേഹമാണെന്ന് കരുതി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ആന്റണിയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിക്കുകയും ചെയ്തു.
അതേസമയം, മരണപ്പെട്ടത് കോട്ടയം സ്വദേശി രാമചന്ദ്രൻ എന്നയാൾ ആയിരിക്കാമെന്നാണ് ആന്റണി പറയുന്നത്. തന്റെ രൂപസാദൃശ്യമുള്ള രാമചന്ദ്രനെ ആന്റണി മുമ്പ് പരിചയപ്പെട്ടിരുന്നു. അലഞ്ഞ് നടക്കുന്ന ശീലക്കാരനായിരുന്നു രാമചന്ദ്രനും.
Discussion about this post