ലക്നൗ : മൊറാദാബാദിലെ ബിജെപി നേതാവ് അനുജ് ചൗധരിയുടെ കൊലപാതകകേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായാണ് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത് . പ്രതികളായ സുശീൽ ശർമ്മ, സൂര്യകാന്ത് ശർമ്മ, ആകാശ് കശ്യപ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾ കോടതിയിൽ കീഴടങ്ങാനായി നഗരത്തിലെത്തുമെന്ന് പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നതായി മൊറാദാബാദ് എസ്എസ്പി ഹേംരാജ് മീണ അറിയിച്ചു. ഇതിനെ തുടർന്ന് സ്റ്റേഷൻ പരിധിയിൽ നടത്തിയ വാഹനപരിശോധനയിലാണ് രണ്ട് മോട്ടോർ സൈക്കിളുകളിലായി സഞ്ചരിക്കുകയായിരുന്ന മൂന്ന് പ്രതികളെ കണ്ടെത്തിയത്.
പിടിക്കപ്പെടും എന്ന് മനസ്സിലായപ്പോൾ പ്രതികൾ പോലീസിന് നേരെ വെടിയുതിർത്തതോടെയാണ് പോലീസും പ്രതികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.
ഏറ്റുമുട്ടലിൽ പ്രതികളിൽ ഒരാളുടെ കാലിന് വെടിയേറ്റതോടെ മറ്റു രണ്ടു പേർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഇതേത്തുടർന്നാണ് പോലീസ് ഇവരെ പിന്തുടർന്ന് കാലിൽ വെടിവെച്ചുവീഴ്ത്തി പിടികൂടിയത്.
ഏറ്റുമുട്ടലിൽ ഗജേന്ദ്ര, സന്ദീപ് നഗർ എന്നീ രണ്ട് പോലീസ് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റതായി എസ്എസ്പി അറിയിച്ചു. പിടികൂടിയ പ്രതികളിൽ നിന്നും രണ്ട് മോട്ടോർ സൈക്കിളുകളും ഒരു പിസ്റ്റളും രണ്ട് നാടൻ തോക്കുകളും പോലീസ് കണ്ടെടുത്തു.
ഓഗസ്റ്റ് 10നാണ് സുഹൃത്തിനൊപ്പം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് പാർശ്വനാഥ് പ്രതിഭ കോളനിയിൽ വച്ച് ബിജെപി നേതാവ് അനുജ് ചൗധരി വെടിയേറ്റ് മരിക്കുന്നത്. ഈ കേസിൽ അസ്മൗലി ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് ദേവിയുടെ മകൻ അനികേതിനെയും സുഹൃത്ത് നീരജ്പാലിനെയും കഴിഞ്ഞയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനൂജ് ചൗധരിയെ ഇല്ലാതാക്കാൻ 30 ലക്ഷം രൂപയ്ക്ക് മൂന്ന് ഷൂട്ടർമാരെ വാടകയ്‌ക്കെടുത്തതായി അനികേത് പോലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. അനികേതിന്റെ പിതാവ് പ്രഭാകർ ചൗധരിയും അമിത് ചൗധരി, പുഷ്പേന്ദ്ര എന്നിവരുമാണ് കേസിലെ മറ്റ് പ്രതികൾ.
സന്തോഷ് ദേവിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തയ്യാറെടുക്കുന്നതിനാൽ ആയിരുന്നു അനുജ് ചൗധരിയെ ഇല്ലാതാക്കാൻ അനികേതും പിതാവും ഗൂഢാലോചന നടത്തിയത്.
Discussion about this post