ന്യൂഡൽഹി: ചന്ദ്രയാൻ-3ന്റെ വിജയകരമായ ലാൻഡിംഗ് ലോകം ആഘോഷിക്കുന്നതിനിടെ സോഷ്യൽ മീഡിയയുടെ പരിഹാസം ഏറ്റുവാങ്ങി നടൻ പ്രകാശ് രാജ്. കഴിഞ്ഞ ദിവസം ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് രംഗത്ത് വന്ന നടൻ ഇന്ന് ഐ എസ് ആർ ഒയെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. ഇതാണ് സാമൂഹിക മാദ്ധ്യമങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്.
ഷർട്ടും ലുങ്കിയും ധരിച്ച് ചായയടിക്കുന്ന ഒരു മനുഷ്യന്റെ ചിത്രമായിരുന്നു ഞായറാഴ്ച പ്രകാശ് രാജ് ട്വിറ്ററിന്റെ പുതിയ രൂപമായ എക്സിൽ പങ്കുവെച്ചിരുന്നത്. ചന്ദ്രയാനിൽ നിന്നും ആദ്യമായി എത്തിയ ചിത്രം എന്ന കുറിപ്പോടെയായിരുന്നു പ്രകാശ് രാജ് ചിത്രം പങ്കുവെച്ചത്. ഇതിനെതിരെ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ അതിശക്തമായി പ്രതികരിച്ചിരുന്നു. ഇതോടെ, താൻ ആരെയും ഒന്നിനെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു തമാശ പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള ന്യായീകരണവുമായി പ്രകാശ് രാജ് രംഗത്ത് വന്നിരുന്നു.
ഇതിന് പിന്നാലെയാണ്, ഇന്ന് ചന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്തതോടെ ഐ എസ് ആർ ഒക്ക് അഭിനന്ദനങ്ങളുമായി പ്രകാശ് രാജ് രംഗത്ത് വന്നത്. ഇതോടെ പ്രകാശ് രാജിനോടുള്ള അതൃപ്തി സാമൂഹിക മാദ്ധ്യമങ്ങളിൽ അണപൊട്ടിയൊഴുകി. മാപ്പ് പറഞ്ഞിട്ട് മതി അഭിനന്ദനമെന്ന് സോഷ്യൽ മീഡിയയിൽ ശക്തമായ അഭിപ്രായം ഉയർന്നു.
പ്രകാശ് രാജ് കുറച്ച് ദിവസം ഇരുട്ടത്ത് ഇരിക്കുന്നതാണ് നല്ലതെന്നായിരുന്നു ഒരാളുടെ ഉപദേശം. ഒട്ടും പ്രിയമില്ലാത്ത പപ്പുരാജ് അൽപ്പം ബർണോൾ ഉപയോഗിച്ചാലും എന്ന് മറ്റൊരാൾ പരിഹസിച്ചു. വിവിധ ഭാഷകളിലും വിവിധ സാമൂഹിക മാദ്ധ്യമ പ്ലാറ്റ്ഫോമുകളിലും പ്രകാശ് രാജിനെതിരായ ട്രോളുകൾ നിറയുകയാണ്. ചന്ദ്രയാന്റെ പശ്ചാത്തലത്തിൽ ലുട്ടാപ്പിയുടെ കുന്തത്തിൽ കയറി ചന്ദ്രന് അപ്പുറത്തേക്ക് മറയുന്ന പ്രകാശ് രാജിന്റെ ട്രോളാണ് ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്.
Discussion about this post