ബംഗലൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന ഖ്യാതിയുടെ ആവേശത്തിൽ രാജ്യം മുഴുവൻ ആഹ്ലാദിക്കുമ്പോൾ, ഈ മഹാദൗത്യത്തിന് ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞർ അടുത്ത മുന്നേറ്റങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ്. ദീർഘവീക്ഷണം കൊണ്ടും അക്ഷീണ പ്രയത്നം കൊണ്ടും രാജ്യത്തിന്റെ യശസ് ഉയർത്തിയ ആ ടീം ലീഡർമാർ ഇവരാണ്.
ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ്: 2022 ജനുവരി 14ന് ഐ എസ് ആർ ഒയുടെ ചെയർമാൻ പദവി ഏറ്റെടുത്ത് ഒരു വർഷത്തിനുള്ളിൽ ഇന്ത്യയെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ എത്തിക്കാനുള്ള വെല്ലുവിളി എസ് സോമനാഥ് ഏറ്റെടുക്കുകയായിരുന്നു. ഐ എസ് ആർ ഒയുടെ ചുമതല ഏറ്റെടുക്കുന്നതിന് മുൻപ് അദ്ദേഹം വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടർ ആയിരുന്നു. 2019 ജൂലൈ 22ന് ചന്ദ്രയാൻ 2ന്റെ പുനർവിക്ഷേപണത്തിനായി റോക്കറ്റിന്റെ അറ്റകുറ്റപ്പണികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തീർത്ത് അദ്ദേഹം ശ്രദ്ധേയനായിരുന്നു. ചന്ദ്രയാൻ-2ന്റെ ക്രാഷ് ലാൻഡിംഗിന് ശേഷം ചന്ദ്രയാൻ-3ന്റെ സോഫ്റ്റ് ലാൻഡിംഗിനായി അദ്ദേഹം വിശദമായ പദ്ധതി തയ്യാറാക്കി.
വിജയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, പരാജയ സാദ്ധ്യതകൾ ഒഴിവാക്കുന്നതിലായിരുന്നു തങ്ങൾ ശ്രദ്ധ ചെലുത്തിയിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 2023 ജൂലൈ 14ന് എൽ എം വി-3 റോക്കറ്റ് കൃത്യമായി പറന്നുയർന്നതോടെ ടീം ഐ എസ് ആർ ഒയുടെ ആത്മവിശ്വാസം വർദ്ധിച്ചു. പേടകം കൃത്യമായി ഭ്രമണപഥത്തിലെത്തി. ഭ്രമണപഥം നിയന്ത്രിക്കുന്നതിനായി ഒട്ടും അധിക ഇന്ധനം ഉപയോഗിക്കേണ്ടി വന്നില്ല.
ചന്ദ്രന്റെ ആകർഷണ വലയത്തിൽ കൃത്യമായി സഞ്ചരിക്കുക എന്നതായിരുന്നു രണ്ടാമത്തെ വെല്ലുവിളി. അതിവേഗം സഞ്ചരിക്കുകയായിരുന്ന പേടകത്തിന് ചന്ദ്രന്റെ ആകർഷണ വലയത്തിൽ പ്രവേശിക്കുക എന്നതിൽ ചില റിസ്ക് എലിമെന്റുകൾ ഉണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ചത് പോലെ അതും ഭംഗിയായി നടന്നു.
പ്രൊപ്പൽഷൻ- ലാൻഡർ മൊഡ്യൂളുകൾ വേർപെടുക എന്നതായിരുന്നു മൂന്നാമത്തെ വെല്ലുവിളി. അതും കൃത്യമായി നടന്നു. ഏറ്റവും പ്രയാസമായ ലാൻഡിംഗ് കൂടി സുഗമമായി നടന്നതോടെ, രാജ്യം വിജയം ആഘോഷിക്കുകയായിരുന്നു എന്ന് എസ് സോമനാഥ് പറയുന്നു. വിക്രമിനെ മികച്ച ഒരു ലാൻഡറാക്കി മാറ്റുന്നതിന് വേണ്ടി പരിശ്രമിച്ച ടീം ഐ എസ് ആർ ഒക്കാണ് ഈ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും അദ്ദേഹം നൽകുന്നത്.
പി വീരമുത്തുവേൽ, പ്രൊജക്ട് ഡയറക്ടർ, ചന്ദ്രയാൻ-3: ഈ ചാന്ദ്രദൗത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായിരുന്നു വീരമുത്തുവേൽ. ഇത് സന്തോഷത്തിന്റെ മഹത്തായ നിമിഷമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. വിക്ഷേപണം മുതൽ ലാൻഡിംഗ് വരെയുള്ള എല്ലാ ഘട്ടങ്ങളും കൃത്യമായി മുന്നേറി. ഈ വിജയം ഐ എസ് ആർ ഒയുടെ തീവ്രപ്രയത്നത്തിന്റെ വിജയമാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
കൽപ്പന കെ, ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ, ചന്ദ്രയാൻ-3: രാജ്യത്തിന്റെ അഭിമാനമായ വിവിധ ഉപഗ്രഹങ്ങൾ, ചന്ദ്രയാൻ-2, മംഗൾയാൻ എന്നിവയ്ക്ക് പിന്നിൽ പ്രവർത്തിച്ച അനുഭവസമ്പത്തുള്ള ഏറോസ്പേസ് എഞ്ചിനീയർ ആണ് കൽപ്പന കെ. അവിസ്മരണീയവും ആഹ്ലാദഭരിതവുമായ നിമിഷം എന്നായിരുന്നു ചന്ദ്രയാൻ-3ന്റെ ലാൻഡിംഗിന് ശേഷമുള്ള അവരുടെ പ്രതികരണം. നാം വിജയകരമായി ലക്ഷ്യം ഭേദിച്ചിരിക്കുന്നു. ഇതിന്റെ വിജയം ചന്ദ്രയാൻ-3 ടീമിന് മുഴുവൻ സമർപ്പിക്കുകയാണ്. മുതിർന്ന ശാസ്ത്രജ്ഞരുടെയും ഐ എസ് ആർ ഒ ചെയർമാന്റെയും ഡയറക്ടർമാരുടെയും പ്രയത്നങ്ങൾ എടുത്ത് പറയേണ്ടവയാണെന്നും അവർ പറഞ്ഞു.
നീലേഷ് എം ദേശായി, അഹമ്മദാബാദ് സ്പേസ് ആപ്പ്ലിക്കേഷൻ സെന്റർ ഡയറക്ടർ: പേടകത്തിന്റെ ഘടകങ്ങൾ നിർമ്മിക്കുക എന്ന ചുമതലയായിരുന്നു അഹമ്മദാബാദ് സ്പേസ് ആപ്പ്ലിക്കേഷൻ സെന്റർ ഡയറക്ടർ നീലേഷ് എം ദേശായി വഹിച്ചത്. പേടകത്തിന്റെ ഉപഘടകങ്ങൾക്ക് വേണ്ടി 11 സെൻസറുകളാണ് തങ്ങൾ നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇവയിൽ എട്ട് അത്യാധുനിക ക്യാമറകൾ ഉൾപ്പെടുന്നു. അതിവേഗ പ്രയാണത്തിനിടെ ഉയരം കൃത്യമായി കണക്ക് കൂട്ടുന്നതിന് എൽ ഡി വി നിർമ്മിച്ചു. ലാൻഡറിൽ നിന്നും വേർപെട്ട് 500 മീറ്റർ വരെ നീങ്ങാൻ റോവറിന് സാധിക്കും. ചന്ദ്രോപരിതലത്തിലെ മൂലക-രാസ ഘടനകൾ തിരിച്ചറിയാൻ രണ്ട് സെൻസറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലാൻഡറിൽ നിന്നും റോവറിൽ നിന്നും കൃത്യമായ വിവരങ്ങൾ നൽകുന്നത് ഈ സെൻസറുകളാണ്. കൃത്യവും സ്പഷ്ടവും നവീനവുമായ വിവരങ്ങളാകും ഇവ നമുക്ക് നൽകുകയെന്നും നീലേഷ് എം ദേശായി പറഞ്ഞു.
എസ് ഉണ്ണികൃഷ്ണൻ നായർ, തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ: ശ്രീഹരിക്കോട്ടയിൽ നിന്നും ചന്ദ്രയാൻ-3ന്റെ വിക്ഷേപണം സാദ്ധ്യമാക്കിയ ബാഹുബലി റോക്കറ്റ് എന്നറിയപ്പെടുന്ന എൽ വി എം-3ന്റെ ചുമതലയായിരുന്നു എസ് ഉണ്ണികൃഷ്ണൻ നായർ വഹിച്ചത്. എസ് സോമനാഥിന്റെ പിൻഗാമി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. നിഗൂഢമായതിനെ അനാവൃതമാക്കുക എന്ന ലക്ഷ്യമായിരുന്നു ചന്ദ്രന്റെ ദക്ഷിണ ധ്രുവം തിരഞ്ഞെടുത്തതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ-1, 2 എന്നിവ ജലസാന്നിദ്ധ്യത്തിന്റെ തെളിവുകൾ കണ്ടെത്തിയ ഭാഗങ്ങൾ കൂടുതൽ പര്യവേഷണങ്ങൾക്ക് വിധേയമാക്കാൻ ഞങ്ങൾ തീരുമാനിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ പൂർണമായും മനസിലാക്കുന്നതിന് നമുക്ക് ഇനിയും ചാന്ദ്രദൗത്യങ്ങൾ ആവശ്യമായി വരും. മികച്ച ഒരു ലോഞ്ചർ എന്ന നിലയിലാണ് എൽ വി എം-3 നിർമ്മിച്ചിരിക്കുന്നത്. കൂടുതൽ ചാന്ദ്രദൗത്യങ്ങളും സൂര്യപര്യവേഷണവും ശുക്രപര്യവേഷണവുമൊക്കെ നമ്മുടെ വരുംകാല ലക്ഷ്യങ്ങളാണെന്ന് എസ് ഉണ്ണികൃഷ്ണൻ നായർ വ്യക്തമാക്കുന്നു.
എ രാജരാജൻ, സതീഷ് ധവാൻ സ്പേസ് സെന്റർ ഡയറക്ടർ, ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിൽ നിന്നുള്ള സമീപകാല ദൗത്യങ്ങളുടെയെല്ലാം വിജയത്തിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ് എ രാജരാജൻ. ചെറു ദൗത്യങ്ങളും വലിയ ദൗത്യങ്ങളും അദ്ദേഹം കൃത്യമായി കൈകാര്യം ചെയ്യുന്നു. ചന്ദ്രനിലെ സോഫ്റ്റ് ലാൻഡിംഗ് എന്ന ഐ എസ് ആർ ഒയുടെ നേട്ടം അവിസ്മരണീയമായ നാഴികക്കല്ലാണ് എന്നാണ് അദ്ദേഹം പറയുന്നത്. നിരവധി പരീക്ഷണ- നിരീക്ഷണങ്ങൾക്ക് ശേഷം ഇന്ത്യ ഒടുവിൽ ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എന്ന് അദ്ദേഹം പറയുന്നു.
ഇന്ന് നമ്മൾ ചാന്ദ്രദൗത്യത്തിന്റെ വിജയം ആഘോഷിക്കുന്നു. നാളെ ഇതിലും വലിയ നേട്ടങ്ങൾ നമ്മെ കാത്തിരിക്കുന്നു. പ്രധാനമന്ത്രി മോദിയും ഐ എസ് ആർ ഒ ചെയർമാനും പറഞ്ഞത് പോലെ, സൂര്യദൗത്യമായ ആദിത്യ എൽ1 ആണ് ഇനി നമുക്ക് മുന്നിലുള്ളത്. സെപ്റ്റംബർ ആദ്യവാരം തന്നെ ആദിത്യ എൽ1 വിക്ഷേപണം നടക്കും. അതിനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായി വരികയാണെന്ന് എ രാജരാജൻ ചൂണ്ടിക്കാട്ടി.
എം ശങ്കരൻ, യു ആർ റാവു സാറ്റലൈറ്റ് സെന്റർ ഡയറക്ടർ, ബംഗലൂരു: വാർത്താ വിതരണം, ദിശാനിർണയം, കാലാവസ്ഥാ പ്രവചനം, ഉപഗ്രഹ പര്യവേഷണങ്ങൾ എന്നീ വിവിധ ദൗത്യങ്ങൾക്ക് ആവശ്യമായ ഉപഗ്രഹങ്ങൾ നിർമ്മിക്കുന്നതിന്റെ ചുമതലയാണ് യു ആർ റാവു സാറ്റലൈറ്റ് സെന്റർ ഡയറക്ടർ എം ശങ്കരൻ നിർവഹിക്കുന്നത്. തന്റെ 35 വർഷത്തെ സേവനത്തിനിടയിൽ നിരവധി ചെറുതും വലുതുമായ ഉപഗ്രഹങ്ങൾ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ചിട്ടുണ്ട്. ചന്ദ്രയാൻ, മംഗൾയാൻ എന്നിവയുടെ ഉപഗ്രഹങ്ങൾ ഇതിൽ പ്രധാനമാണ്.
കഴിഞ്ഞ നാല് വർഷമായി ടീം ഐ എസ് ആർ ഒയുടെ ഊണിലും ഉറക്കത്തിലും ചന്ദ്രയാൻ-3 ആയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇതിനിടയിൽ നിരവധി ഗവേഷണങ്ങളും പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടന്നു. എല്ലാവിധ വിമർശനങ്ങളെയും തരണം ചെയ്താണ് നമ്മൾ ഇന്ന് ഈ നേട്ടത്തിൽ എത്തിയിരിക്കുന്നത്.
കഠിനാദ്ധ്വാനവും കൂട്ടായ പ്രയത്നവുമാണ് ഐ എസ് ആർ ഒയുടെ മുഖമുദ്രകൾ. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുക, ശുക്രനിലും വ്യാഴത്തിലും പേടകം ഇറക്കുക എന്നീ വലിയ ദൗത്യങ്ങളാണ് ഇനി നമുക്ക് മുന്നിലുള്ളത്. രാജ്യത്തെ ഇനിയും അഭിമാനത്തിന്റെ ഔന്നത്യങ്ങളിൽ എത്തിക്കുവാൻ നമ്മൾ പ്രയത്നം തുടരുകയാണ്. ടീം ഐ എസ് ആർ ഒക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് എം ശങ്കരൻ പറയുന്നു.
Discussion about this post