ഗണപതി മിത്താണെന്ന് നിയമസഭ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞതും അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതും നമ്മൾ കണ്ടു. ഹിന്ദു സംഘടനകളും എൻ.എസ്.എസും ഗണപതി വിരുദ്ധതയ്ക്കും ഹിന്ദു വിരുദ്ധതയ്ക്കുമെതിരെ ശക്തമായി തന്നെ പ്രതികരിച്ചു. ശാസ്ത്രബോധം ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചതിന് തന്നെ വേട്ടയാടി എന്ന നിലവിളിയാണ് ഇതിനു മറുപടിയായി സ്പീക്കറിൽ നിന്നുയർന്നത്.
ഗണപതി വിഷയം ചർച്ച ചെയ്യപ്പെടുന്നതിനിടയിൽ യുകെയിൽ താൻ കണ്ട ഗണേശഭക്തനെക്കുറിച്ച് എഴുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പ്രവാസിയായ ആഷ മനോജാണ് തോമസ് എന്ന് പേരുള്ള ഗണേശ ഭക്തനെ പരിചയപ്പെട്ടതിന്റെ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത്. വിദേശികളായ കൃഷ്ണ ഭക്തരെ സാധാരണ കാണാറുണ്ടെങ്കിലും ഗണപതിയുടെ ഭക്തരെ കാണുന്നത് ആദ്യമായാണ്. യാത്രകൾ മനോഹരമാകുന്നത് ഇത്തരം അനുഭവങ്ങളിലൂടെയാണെന്നും കുറിപ്പിൽ ആഷ പറയുന്നു.
ആഷ മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
യാത്രകൾ മനോഹരമാകുന്നത് ഇത്തരം കൂടിക്കാഴ്ചകളിൽ കൂടെയുമാണ്.. ഓരോ യാത്രയിലും ഒരുപാട് ആളുകളെ കണ്ടു മുട്ടാറുണ്ട്. ഏറ്റവും കൂടുതൽ ഇടപഴകേണ്ടി വരുന്നത് ടാക്സി ഡ്രൈവർമാരുമായിട്ട് ആണ്.. അവർക്ക് നമ്മളോട് പറയാനും അറിയാനും ഒരുപാട് കാര്യങ്ങൾ ഉണ്ടാവും.. നമ്മള് അവരോടു ഇടപഴകുന്ന രീതി അവർക്ക് ഇഷ്ടപ്പെട്ടാൽ പിന്നെ അവര് എല്ലാം മറന്നു നമ്മളോട് സംസാരിച്ചു തുടങ്ങും..വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും തമാശകളും എല്ലാം നമ്മളോട് പങ്കു വെക്കും..
സാധാരണ ഓരോ പ്രാവശ്യം ബുക്ക് ചെയ്യുമ്പോഴും ഓരോ ടാക്സി ആണ് വരാറ്. ഇത്തവണ അതിൽ നിന്ന് വ്യത്യസ്തമായി ബുക്ക് ചെയ്തപ്പോഴൊക്കെ സെയിം ടാക്സി തന്നെ ആണ് കിട്ടിയത്.. തോമസ് ആണ് ഡ്രൈവർ.. സംസാരിക്കുന്നതിനിടയിൽ മുന്നോട്ട് നോക്കിയപ്പോൾ കണ്ട കാഴ്ചകൾ ആണ് താഴെ ചിത്രത്തിൽ.. തോമസ് ഒരു #lordganesha ഭക്തൻ ആണ് അതിശയം തോന്നി എനിക്ക്.. കൃഷ്ണ ഭക്തരെ അവിടിവിടെ എപ്പോഴും കാണാറുണ്ട്. എന്നാൽ ഇങ്ങനെ ഒരാളെ ആദ്യമായിട്ടാണ് പരിചയപ്പെടുന്നത്. എന്റെ വാക്കുകളിലെ അതിശയം കണ്ടാവണം തോമസ് ഗണപതിയെക്കുറിച്ചു സംസാരിച്ചു തുടങ്ങി.. പണ്ടെപ്പോഴോ ഇന്ത്യയിൽ വന്നപ്പോ തുടങ്ങിയതാണ് ഈ ശീലം.. ഗണപതിയോടുള്ള ആരാധനയും വിശ്വാസവും! എത്ര ആഴത്തിൽ ആണ് അദ്ദേഹം വിശ്വസിക്കുന്നത് എന്ന് വാക്കുകളിൽ നിന്ന് വ്യക്തം..
“എനിക്കൊരു പേടിയുമില്ല.. എന്നെ ഗണപതി കാത്തുകൊള്ളും.. എല്ലാ തടസ്സങ്ങളും അദ്ദേഹം മാറ്റിക്കൊള്ളും.. എനിക്ക് ആവശ്യം ഉള്ളത് എല്ലാം ഇതുവരെ തന്നിട്ടുണ്ട്.. സന്തോഷവാനാണ്.. കുടുംബം.. മക്കൾ.. മക്കളുടെ മക്കൾ.. എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു.. എനിക്ക് ഭക്ഷണം കഴിക്കാൻ പറ്റുന്നുണ്ട്.. ആളുകളോട് ഇടപഴകാൻ കഴിയുന്നുണ്ട്..വീട്ടില് എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുന്നു.. അതിലപ്പുറം എനിക്ക് എന്താണ് വേണ്ടത്…”
പുള്ളി ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരുന്നു.. നല്ല യാത്രയായിരുന്നു.. ഇറങ്ങേണ്ട സ്ഥലം ആയത് കൊണ്ട് മാത്രം നിർത്തി സിയു എന്നും പറഞ്ഞു തോമസ് പോയി..
ഇനിയും കാണും ഇടക്ക്.. കാണാതെ എവിടെ പോകാൻ
ഇപ്പൊ ഗണപതി ആണല്ലോ വിഷയം.. പെട്ടെന്ന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായപ്പോ ഇതിലെ പോയ സ്ഥിതിക്ക് പറഞ്ഞിട്ട് പോകാം ന്ന് ഓർത്തു
Discussion about this post