ബംഗളൂരു: ചാന്ദ്രയാൻ മൂന്നിന്റെ ദൗത്യം വിജയകരമാക്കിയ ശാസ്ത്രജ്ഞരെ നേരിട്ട് അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎസ്ആർഒ സന്ദർശിക്കും. ഗ്രീസ് സന്ദർശനം പൂർത്തിയാക്കി രാജ്യത്ത് തിരിച്ചെത്തിയ ശേഷമാകും അദ്ദേഹം ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തുക.
ഗ്രീസിൽ നിന്നും പ്രധാനമന്ത്രി നേരെ ബംഗളൂരുവിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ചാന്ദ്രയാൻ മൂന്ന് വിജയകരമായതിന് പിന്നാലെ ശാസത്രജ്ഞരെ അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേരിട്ടെത്തുന്നത്. ചാന്ദ്രയാൻ ചന്ദ്രനിലിറങ്ങുമ്പോൾ ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ദക്ഷിണാഫ്രിക്കയിൽ ആയിരുന്നു പ്രധാനമന്ത്രി. ഇവിടെ നിന്നും അദ്ദേഹം ചാന്ദ്രയാൻ മൂന്ന് ചന്ദ്രനിലിറങ്ങുന്നതിന്റെ തത്സമയ സംപ്രേഷണത്തിൽ പങ്കുചേർന്നിരുന്നു.
ഇന്ത്യ ഇപ്പോൾ ചന്ദ്രനിലാണ് എന്നായിരുന്നു ചാന്ദ്രയാൻ മൂന്നിന്റെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി ഇന്ത്യ ചരിത്രം കുറിച്ചിരിക്കുന്നു. ഈ ചരിത്ര നിമിഷം ഏവരെയും അഭിമാനം കൊള്ളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post