പൂനൈ; എൻഐഎ ഉദ്യോഗസ്ഥർ തന്നെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഐഎസ് ഭീകരൻ കോടതിയിൽ ഹർജി നൽകി. മഹാരാഷ്ട്ര ഐഎസ് മൊഡ്യൂൾ കേസിൽ പിടിയിലായ ഷാമിൽ നച്ചനാണ് അഭിഭാഷകൻ മുഖേന കോടതിയിൽ പുതിയ വാദങ്ങളുമായി എത്തിയത്.കസ്റ്റഡി സമയത്ത് നിരവധി പേപ്പറുകളിൽ ഒപ്പിടാൻ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് ഭീകരൻ ആരോപിക്കുന്നു. കസ്റ്റഡിയിൽ വച്ച് എൻഐഎ ഉദ്യോഗസ്ഥർ തന്നെ പീഡിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി ഷാമിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഭീകരൻ ഷാമിൽ നാച്ചൻ നിരവധി ഭീകരാക്രമണ കേസിൽ പ്രതിയായ സാക്വിബ് നാച്ചന്റെ മകനാണ്. നിരോധിത സംഘടനയായ സിമിയുടെ മുൻനിര നേതാവായിരുന്ന സാക്വിബ് 2002-2003 മുംബൈ സെൻട്രൽ, വൈൽ പാർലെ, മുളുന്ദ് ഭീകരാക്രമണം, എന്നിവയിൽ പ്രതിയാണ്. ഈ കേസുകളിൽ ശിക്ഷ കഴിഞ്ഞ് സാക്വിബ് 2017 ൽ ജയിൽ മോചിതനായിരുന്നു. വർഷങ്ങൾക്കിപ്പുറം സാക്വിബിന്റെ മകനെ ഐഎസ്ഐഎസ് മൊഡ്യൂൾ കേസിൽ ആറാം പ്രതിയായിട്ട് എൻഐഎ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഭീകരസംഘടനയിൽ ഷാമിലിന്റെ പങ്ക് പ്രബലമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
മുമ്പ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) സെക്രട്ടറിയായി പ്രവർത്തിച്ച സാക്വിബ് നാച്ചൻ അക്കാലത്ത് നിരവധി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ഏർപ്പെട്ടിരുന്നു. താനെയിലെ പദ്ഗയിൽ താമസിക്കുന്ന സാക്വിലിന്റെ മകൻ ഷാമിൽ ആകട്ടെ ഭീകരാക്രമണം ലക്ഷ്യം വച്ച് ഐഇഡി നിർമ്മാണത്തിലും പരിശീലനത്തിലും പരിശോധനയിലും സജീവമായി ഏർപ്പെട്ടു പോന്നു. ഇതിനകം പിടിയിലായ ഭീകരർ സുൽഫിക്കർ അലി ബറോദാവാല, മുഹമ്മദ് ഇമ്രാൻ ഖാൻ, മുഹമ്മദ് യൂനുസ് സാകി, സിമാബ് നസിറുദ്ദീൻ കാസി, അബ്ദുൾ കാദിർ പത്താൻ എന്നിവരുമായി ഇയാൾ അടുത്ത് സഹകരിച്ചിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കുന്നു.
Discussion about this post