തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ഇഡി റെയ്ഡ് നടത്തിയ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും സഹകരണ വകുപ്പ് മുൻമന്ത്രിയുമായ എസി മൊയ്തീന് പിന്തുണയുമായി സിപിഎം. കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ച് ഇഡിക്ക് വലിയ ധാരണയില്ലെന്നും എസി മൊയ്തീൻ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നേതാവാണെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.
വളരെ മാന്യമായ രീതിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മുൻമന്ത്രിയെയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗത്തെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നതിന് ബോധപൂർവ്വം രാഷ്ട്രീയമായി ഇഡി ഇടപെട്ടുകൊണ്ടാണ് ഇഡി റെയ്ഡ് മാമാങ്കം സംഘടിപ്പിച്ചതെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. വലിയ വാർത്തയായി മാദ്ധ്യമങ്ങൾ കൊണ്ടാടി. രണ്ട് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്നാണ് പറയുന്നത്. ആരുടെ അക്കൗണ്ടും എപ്പോൾ വേണമെങ്കിലും മരവിപ്പിക്കാൻ സാധിക്കുന്നതേയുളളൂ. എന്താണ് പിടിച്ചെടുത്തതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പുതുപ്പളളി തിരഞ്ഞെടുപ്പിന്റെ ഭാഗമാണ് റെയ്‌ഡെന്നും സിപിഎം സെക്രട്ടറി ആരോപിച്ചു.
ഒരു ബാങ്ക് വായ്പ കൊടുക്കുന്നത് ആ ബാങ്കിന്റെ ഡയറക്ടർ ബോർഡ് ഉൾപ്പെടെയുളളവരുടെ പൂർണ ബോധ്യത്തിലാണ്. ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തിൽ വായ്പ കൊടുക്കില്ല. കേരളത്തിന്റെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ധാരണപോലും ഇല്ലാതെയാണ് ഇത്തരം കളളത്തരം ഇഡി പ്രചരിപ്പിക്കുന്നതെന്നും എംവി ഗോവിന്ദൻ പറയുന്നു. ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ മുന ഒടിക്കാൻ നടത്തുന്ന ശ്രമമാണെന്നും അതിന്റെ ഭാഗമായിട്ടാണ് മൊയ്തീന്റെ വീട്ടിലും റെയ്ഡ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
300 കോടി രൂപയുടെ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എസി മൊയ്തീനും നേരിട്ട് ബന്ധമുണ്ടെന്ന ആക്ഷേപത്തെ തുടർന്നായിരുന്നു ഇഡിയുടെ പരിശോധന. 150 കോടി രൂപയുടെ ബിനാമി വായ്പകളിൽ പലതും മൊയ്തീന്റെ നിർദ്ദേശപ്രകാരമാണെന്നാണ് കണ്ടെത്തൽ. പാർട്ടി ജില്ലാ കമ്മിറ്റിയിൽ ഉണ്ടായിരുന്ന കാലത്ത് ബാങ്കിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് എസി മൊയ്തീൻ ആയിരുന്നു. 31 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ മൊയ്തീനും ബാങ്കിന്റെ മുൻ മാനേജർ ബിജു കരീമിനും ഇഡി സമൻസ് നൽകിയിട്ടുണ്ട്. മൊയ്തീന്റെ അടുപ്പക്കാർക്ക് എങ്ങനെ ബാങ്കിൽ നിന്ന് പണം ലഭിച്ചുവെന്നതടക്കമുളള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.
Discussion about this post