ബംഗളൂരു: ചന്ദ്രനിൽ ചാന്ദ്രയാൻ മൂന്നിന്റെ ലാൻഡർ ഇറങ്ങിയ ഭാഗം ശിവശക്തിയെന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ നിർണായക പ്രഖ്യാപനം. ചാന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ ഇറങ്ങിയ ഓഗസ്റ്റ് 23 ഇനി മുതൽ എല്ലാവർഷവും ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഓഗസ്റ്റ് 23 ന് ചന്ദ്രനിൽ ഇന്ത്യൻ പതാക ഉയർന്ന ചരിത്ര ദിനമാണ്. അതിനാൽ ഈ ദിനം ഇനി മുതൽ ഇന്ത്യയുടെ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കും. ചന്ദ്രനിൽ ലാൻഡറിന്റെ കാലുകൾ പതിച്ച ഭാഗം ശിവശക്തി എന്ന പേരിലാകും ഇനി മുതൽ അറിയുക. ചാന്ദ്രയാൻ രണ്ട് ക്രാഷ് ലാൻഡ് ചെയ്ത ചന്ദ്രനിലെ ഭാഗം തിരംഗ എന്ന് അറിയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
തോൽവി എന്നത് ഒന്നിന്റെയും അവസാനമല്ലെന്നാണ് ചാന്ദ്രയാൻ രണ്ട് നമ്മെ പഠിപ്പിച്ചത്. ഈ പരാജയത്തിൽ നിന്നും ഉൾക്കൊണ്ട പാഠം ആയിരുന്നു ചാന്ദ്രയാൻ മൂന്ന്. ചാന്ദ്രയാൻ രണ്ട് ഇടിച്ചിറങ്ങിയ ചന്ദ്രനിലെ ഭാഗം തിരംഗ എന്ന് അറിയപ്പെടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാവിലെ ഏഴരയോടെയായിരുന്നു പ്രധാനമന്ത്രി ഐഎസ്ആർഒയിൽ എത്തിയത്. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അദ്ദേഹത്തെ സ്വാഗതം ചെയ്തു. ഇസ്ട്രാക് ക്യാമ്പസിന് മുൻപിൽ സ്ഥാപിച്ചിരുന്ന റോവറിന്റെയും ലാൻഡറിന്റെയും മാതൃകകൾ പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം വിവരിച്ചു നൽകി. ഇതിന് ശേഷം പ്രധാനമന്ത്രി റോവറിൽ നിന്നുള്ള ചിത്രങ്ങളും പരിശോധിച്ചു.
Discussion about this post