തിരുവനന്തപുരം: ചാന്ദ്രയാൻ മൂന്ന് വിജയകരമായത് അഭിമാന മുഹൂർത്തമാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. വരും നാളുകളിൽ ചൊവ്വയിലേക്കും ശുക്രനിലേക്കും നമ്മൾ സഞ്ചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചാന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയത് രാജ്യത്തിന് അഭിമാന മുഹൂർത്തമാണ്. നൂറ് ശതമാനം വിജയകരമായ ദൗത്യം. ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിനായി രാജ്യം മുഴുവൻ കൂടെയുണ്ട്. ഇനിയും സമാന രീതിയിൽ പര്യവേഷണങ്ങൾ തുടരുമെന്നും. ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വരും നാളുകളിൽ നമ്മൾ ചൊവ്വയിലേക്കും ശുക്രനിലേക്കുമെല്ലാം സഞ്ചരിക്കും. ഇക്കാര്യത്തിൽ തികഞ്ഞ ആത്മവിശ്വാസമുണ്ട്. സൗര പര്യവേക്ഷണം ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപണം അടുത്ത മാസം ആദ്യവാരം ഉണ്ടാകും. തിയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടൻ പുറത്തുവിടും. ചന്ദ്രനിൽ നിന്നുള്ള കൂടുതൽ വിവരങ്ങളും ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. ഇവ പുറത്തുവിടും.
ശാസ്ത്രീയ പഠനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. വരും ദിവസങ്ങളിൽ നിർണായകമായ നിരവധി ദൗത്യങ്ങളാണ് പൂർത്തിയാക്കാനുള്ളത്. എല്ലാ മാസവും വാർത്ത പ്രതീക്ഷിക്കാം. ജപ്പാനുമായി ചേർന്നുള്ള ലൂപക്സ് പദ്ധതി വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സോമനാഥ് കൂട്ടിച്ചേർത്തു.
Discussion about this post