ന്യൂഡൽഹി : ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടി വേദിക്ക് മുന്നിൽ നടരാജ ശിൽപം സ്ഥാപിക്കാനൊരുങ്ങുന്നു. 28 അടി ഉയരമുള്ള നടരാജ പ്രതിമ തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ വെങ്കല ശിൽപങ്ങൾക്ക് പേരുകേട്ട ഒരു ചെറിയ പട്ടണമായ സ്വാമിമലയിലാണ് നിർമ്മിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിഗ്രഹമാണിതെന്ന് കരുതപ്പെടുന്നു.
സ്വർണ്ണം, വെള്ളി, ഈയം, ചെമ്പ്, ടിൻ, മെർക്കുറി, ഇരുമ്പ്, സിങ്ക് എന്നീ എട്ട് ലോഹങ്ങൾ കൊണ്ടാണ് 19 ടൺ ഭാരമുള്ള പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത ശില്പി ദേവസേനാപതി സ്തപതിയുടെ മക്കളായ ശ്രീകണ്ഠ സ്തപതി, രാധാകൃഷ്ണ സ്തപതി, സ്വാമിനാഥ സ്തപതി എന്നിവരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. സെപ്റ്റംബർ 9, 10 തീയതികളിൽ ഉച്ചകോടി നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് ഇത് സ്ഥാപിക്കുന്നത്.
പ്രതിമയ്ക്ക് 22 അടി ഉയരമുണ്ട്, പീഠത്തിന് ആറടിയും. ആകെ 28 അടി ഉയരമുണ്ട്. ചിദംബരം, കോനേരിരാജപുരം, ചോള കാലഘട്ടത്തിലെ മാതൃക പിന്തുടർന്നാണ് ശിൽപ നിർമാണം എന്ന് ശ്രീകണ്ഠ സ്തപതി പറഞ്ഞു. ശിൽപികളായ സദാശിവം, ഗൗരിശങ്കർ, സന്തോഷ് കുമാർ, രാഘവൻ എന്നിവരും ഇതിൽ പങ്കാളികളായി.
2023 ഫെബ്രുവരി 20 നാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പ്രതിമയുടെ ഓർഡർ നൽകിയത്. നിർമ്മാണം പണി പൂർത്തിയാക്കാൻ ആറ് മാസമെടുത്തുവെന്ന് ശ്രീകണ്ഠ സ്തപതി പറഞ്ഞു. ഇത് നേരത്തെ പൂർത്തിയാക്കാമായിരുന്നുവെന്നും, എന്നാൽ മഴ കാരണം മിനുക്കുപണികൾ വൈകിയെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post