മുസാഫർനഗർ : അദ്ധ്യാപികയുടെ നിർദ്ദേശാനുസരണം സഹപാഠികൾ ഏഴു വയസ്സുകാരനെ തല്ലിയ മുസാഫർനഗറിലെ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചു. വിവാദമായ വീഡിയോയിലെ അദ്ധ്യാപിക പ്രിൻസിപ്പൽ ആയ മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളിന്റെ അംഗീകാരമാണ് റദ്ദാക്കുക. സ്കൂളിനെതിരായി അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണം തീരുന്നതുവരെ സ്കൂൾ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വൈറൽ വീഡിയോ വലിയ വിവാദം ആയതിനെ തുടർന്ന് രാജ്യം എങ്ങും കനത്ത പ്രതിഷേധമാണ് ഈ അദ്ധ്യാപികക്കെതിരെ ഉയരുന്നത്. ഈ വിവാദ വീഡിയോയിലെ അദ്ധ്യാപിക തൃപ്ത ത്യാഗിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ. സ്കൂളിന്റെ അംഗീകാരം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഈ സ്‌കൂളിന് നോട്ടീസ് അയച്ചിട്ടുണ്ട്. അന്വേഷണ വിധേയമായി സ്കൂൾ അടച്ചിടണമെന്നും ഉടനെ തുറക്കാൻ കഴിയില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികളെ മറ്റൊരു സ്കൂളിൽ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. സഹപാഠികളുടെ മർദ്ദനമേറ്റ രണ്ടാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് കൗൺസിലിംഗ് നൽകുന്നതിനുള്ള നടപടികളും ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. അദ്ധ്യാപിക തൃപ്ത ത്യാഗിയ്ക്കെതിരെ മുസാഫർനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post