ചെന്നൈ: തമിഴ്നാട്ടിൽ വംശീയ പീഡനങ്ങൾ തുടർക്കഥയാകുന്നു. ഗർഭഛിദ്രം നടത്താൻ വിസമ്മതിച്ചതിന് ദളിത് യുവതിയെ ഭിന്നജാതിക്കാരായ ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ഓഗസ്റ്റ് 22നായിരുന്നു സംഭവത്തിൽ യുവതിയും ബന്ധുക്കളും പരാതി നൽകിയത്.
കൃഷ്ണഗിരി ജില്ലയിലെ പോച്ചമ്പള്ളി സ്വദേശിനിയാണ് പട്ടിക ജാതിയിലെ പറയ വിഭാഗത്തിൽ പെടുന്ന ഗീതാഞ്ജലി. ഒരു വർഷം മുൻപായിരുന്നു വണ്ണിയാർ സമുദായത്തിലെ അംഗമായ ശിവ ഇവരെ വിവാഹം കഴിച്ചത്. തമിഴ്നാട്ടിൽ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള പിന്നാക്ക വിഭാഗമാണ് വണ്ണിയാർ. കോളേജിൽ രസതന്ത്ര ബിരുദ വിദ്യാർത്ഥിനിയായിരുന്ന ഗീതാഞ്ജലിയെ, തിരുപ്പൂരിലെ സ്വകാര്യ സ്ഥാപനത്തിലെ മാനേജർ എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ശിവ.
എന്നാൽ ശിവ ഒരു നിർമ്മാണ തൊഴിലാളിയാണെന്ന് വിവാഹ ശേഷമാണ് ഗീതാഞ്ജലി മനസിലാക്കിയത്. തുടർന്ന് ഇരുവരെയും ഗീതാഞ്ജലിയുടെ പിതാവ് ബാംഗ്ലൂരിലേക്ക് അയച്ചു. അവസാന വർഷ പരീക്ഷ എഴുതാൻ വേണ്ടി ഗീതാഞ്ജലി പിന്നീട് നാട്ടിലേക്ക് വന്നിരുന്നു. ഈ സമയത്ത് ഗീതാഞ്ജലി ഗർഭിണിയായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഗർഭം അലസുകയും ഗീതാഞ്ജലി ആശുപത്രിയിലാകുകയും ചെയ്തു.
തുടർന്ന് ശിവയെ അയാളുടെ വീട്ടുകാർ ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിച്ചു. ശിവ നാട്ടിൽ വീണ്ടും ജോലിക്ക് പോകുന്നതിനിടെ ഗീതാഞ്ജലി വീണ്ടും ഗർഭിണിയായി. ഈ ഗർഭം അലസിപ്പിക്കാൻ ശിവയുടെ ബന്ധുക്കൾ ചേർന്ന് നാട്ടുമരുന്ന് കഴിക്കാൻ ഗീതാഞ്ജലിയെ നിർബന്ധിച്ചു. ഇതിന് വഴങ്ങാതെ വന്നതോടെ, ജാതി പറഞ്ഞ് അധിക്ഷേപവും മർദ്ദനങ്ങളും പതിവായി.
താഴ്ന്ന ജാതിക്കാരിയായ ഗീതാഞ്ജലിയെ വിവാഹം കഴിച്ചതിനാൽ താൻ സമുദായത്തിൽ ഒറ്റപ്പെടുന്നതായി ശിവ നിരന്തരം കുറ്റപ്പെടുത്തി. ഈ പേരും പറഞ്ഞ് അയാളും അവളെ മർദ്ദിക്കാൻ തുടങ്ങി. ഇതോടെ ഗീതാഞ്ജലിയും കുടുംബവും പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ ശിവയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തു. ഓഗസ്റ്റ് 26ന് ശിവയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മറ്റ് ബന്ധുക്കൾ ഒളിവിലാണ്.
Discussion about this post