ബംഗളുരു : വിമാനയാത്രയ്ക്കിടെ ശ്വാസതടസം ഉണ്ടാവുകയും ശ്വാസം നിലച്ച് മരണത്തോട് മല്ലിടുകയും ചെയ്ത പിഞ്ചു കുഞ്ഞിന് പുതുജീവൻ നൽകി എയിംസിലെ ഡോക്ടർമാരുടെ സംഘം. ബംഗളൂരുവിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രക്കിടയിൽ ആയിരുന്നു കുഞ്ഞിന് ശ്വാസം കിട്ടാതെ ആയത്. ഇതേ വിമാനത്തിൽ സഞ്ചരിച്ചിരുന്ന ഡൽഹി എയിംസിലെ ഡോക്ടർമാരുടെ സംഘത്തിന്റെ ദ്രുതഗതിയിലുള്ള ഇടപെടൽ കൊണ്ടാണ് രണ്ടു വയസ്സുള്ള കുഞ്ഞ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
ഞായറാഴ്ച രാത്രി ബംഗളൂരുവിൽ നിന്നും ഡൽഹിയിലേക്ക് പറന്ന വിസ്താര വിമാനത്തിലാണ് സംഭവമുണ്ടായത്. വിമാനത്തിൽ വച്ച് രണ്ട് വയസ്സുള്ള കുഞ്ഞിന് പെട്ടെന്ന് ശ്വാസം കിട്ടാതെ ആവുകയായിരുന്നു. ബംഗളൂരുവിൽ ഒരു മെഡിക്കൽ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന എയിംസിലെ 5 സീനിയർ റസിഡന്റ് ഡോക്ടർമാരുടെ സംഘം ഇതേ വിമാനത്തിൽ യാത്ര ചെയ്തിരുന്നതാണ് കുഞ്ഞിന് രക്ഷയായത്. കുഞ്ഞിന് സുഖമില്ലാതായതോടെ വിമാനം നാഗ്പൂരിലേക്ക് വഴി തിരിച്ചു വിട്ടു.
എയിംസിലെ ഡോക്ടർമാരുടെ സംഘം പറയുന്നതനുസരിച്ച് വിമാനത്തിൽ വച്ച് കുഞ്ഞിനെ പരിശോധിക്കുമ്പോൾ നാഡിമിടിപ്പ് ഇല്ലായിരുന്നു. കുഞ്ഞിന്റെ കൈകാലുകൾ തണുത്ത് മരവിച്ചും ശ്വാസമില്ലാതെയും ആയിരുന്ന അവസ്ഥയിലാണ് ഈ ഡോക്ടർമാർ കുട്ടിക്ക് അടിയന്തര വൈദ്യസഹായം നൽകുന്നത്. ഉടനടി തന്നെ സിപിആർ നൽകാനായത് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സഹായകരമായി. നാഗ്പൂരിൽ അടിയന്തരമായി ഇറക്കിയ വിമാനത്തിൽ നിന്നും കുഞ്ഞിനെ വിദഗ്ധ ശിശുരോഗ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post