തിരുപ്പതി : കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആന്ധ്രപ്രദേശിലെ തിരുമലയിൽ കുട്ടികൾക്ക് നേരെ പുലിയുടെ ആക്രമണം വ്യാപകമാകുന്ന സാഹചര്യത്തിൽ വനംവകുപ്പ് പുലികളെ പിടികൂടുകയാണ്. കഴിഞ്ഞദിവസം മേഖലയിൽ നിന്നും നാലാമത്തെ പുള്ളിപ്പുലിയേയും വനംവകുപ്പ് പിടികൂടി. പിടികൂടിയ പുലിയെ തിരുപ്പതി മൃഗശാലയിലേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു.
ഏകദേശം അഞ്ചു വയസ്സ് പ്രായമുള്ള ആൺപുലിയെ ആണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. നേരത്തെ ഇവിടെ നിന്നും 3 പുലികളെ പിടികൂടിയിരുന്നു. നാലാമത്തെ ഈ പുലി മാത്രം കെണിക്ക് അടുത്തേക്ക് വരാതെ ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു. കഴിഞ്ഞദിവസം പുലർച്ചെ നാലുമണിയോടുകൂടി തിരുമലയിലെ ആഞ്ജനേയ സ്വാമി പ്രതിമയ്ക്ക് സമീപത്തു നിന്നുമാണ് ഈ പുലിയെ പിടികൂടാനായത്.
ഓഗസ്റ്റ് 17 മുതൽ ഈ പുലിയെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ വനം വകുപ്പ് നടത്തുന്നുണ്ടായിരുന്നു. പിടികൂടിയ പുള്ളിപ്പുലികൾ എല്ലാം ഏതാണ്ട് ഒരേ പ്രായക്കാർ ആയതിനാൽ ഇവ സഹോദരങ്ങൾ ആയിരിക്കുമെന്നാണ് വനംവകുപ്പിന്റെ നിഗമനം. പിടികൂടിയ പുലിയെ തിരുപ്പതിയിലെ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിലേക്കാണ് മാറ്റിയിട്ടുള്ളത്.
Discussion about this post