ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ 3 ദൗത്യം വിജയിച്ചിതിന്റെ അംഗീകാരമെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. ചാന്ദ്രയാൻ 3, ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന പേര് നൽകിയതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിൽ രാഷ്ട്രീയ പോരുകൾ അരങ്ങേറുന്നതിനിടെയാണ് നമ്പി നാരായണന്റെ പ്രതികരണം.
”ഒരു ദേശീയ പദ്ധതി വിജയിക്കുമ്പോൾ അതിന്റെ അംഗീകാരം ആർക്കാണ് കൊടുക്കേണ്ടത്? അത് പ്രധാനമന്ത്രിക്ക് തന്നെയാണ്. നിരവധി കാരണങ്ങൾ കാരണം നിങ്ങൾക്ക് പ്രധാനമന്ത്രിയെ ഇഷ്ടപ്പെടാതിരിക്കാം. ആ ഇഷ്ടക്കേട് കാരണം അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ സാധിക്കുമോ ” നമ്പി നാരായണൻ ചോദിച്ചു. ഇതെല്ലാം തനിക്ക് കുട്ടിക്കളി പോലെയാണ് തോന്നുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
” ഐഎസ്ആർഒയുടെ വിജയത്തിന് കാരണം ആരാണെന്ന് ചോദിച്ചാൽ അത് ചെയർമാൻ ആണെന്നേ നമ്മൾ പറയൂ. കാരണം അവിടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ചെയർമാനാണ്. നിങ്ങൾ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ആണ് ചാന്ദ്രയാൻ 3 ഉൾപ്പെടെയുള്ള ദൗത്യങ്ങൾ നിയന്ത്രിച്ചിരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഇത് ആദ്യമായല്ല ഇത്തരത്തിൽ ചന്ദ്രനിലുള്ള സ്ഥലങ്ങൾക്ക് പേരിടുന്നത്. ചാന്ദ്രയാൻ 2 തകർന്നുവീണ പ്രദേശത്തിന് തിരംഗ പോയിന്റ് എന്ന് പേരിട്ടിരുന്നു. ചാന്ദ്രയാൻ 1 തകർന്ന സ്ഥലത്തിന് അന്ന് അധികാരത്തിൽ ഇരുന്ന യുപിഎ സർക്കാർ ജവഹർ പോയിന്റ് എന്നാണ് പേരിട്ടത്.
Discussion about this post