ആംസ്റ്റർഡാം : കൊളോണിയൽ കാലഘട്ടത്തിൽ കൊള്ളയടിച്ചുകൊണ്ട് പോയ നിധികൾ ശ്രീലങ്കയ്ക്ക് തിരികെ നൽകി നെതർലൻഡ്‌സ്. സ്വർണ്ണം, വെള്ളി, വെങ്കലം, മാണിക്യങ്ങൾ എന്നിവകൊണ്ട് അലങ്കരിച്ച 275 വർഷത്തിലേറെ പഴക്കമുള്ള പീരങ്കി ഉൾപ്പെടെ, ആറ് പുരാവസ്തുക്കൾ ശ്രീലങ്കയിലേക്ക് തിരിച്ചയച്ചു. സാംസ്‌കാരിക വേദിയിൽ നടന്ന ചടങ്ങിൽ നെതർലൻഡ്സ് മന്ത്രി ഗുണയ് ഉസ്ലു, പുരാവസ്തുക്കളുടെ ഉടമസ്ഥാവകാശം ശ്രീലങ്കയിലേക്ക് നൽകുന്നതിനുള്ള രേഖകളിൽ ഒപ്പുവച്ചു.
തുടർന്ന്, പുരാവസ്തുക്കൾ കൊളംബോയിലേക്ക് അയക്കുന്നതുവരെ ആംസ്റ്റർഡാമിലെ റിക്‌സ്മ്യൂസിയത്തിൽ സൂക്ഷിക്കാൻ ശ്രീലങ്കയിലെ നാഷണൽ മ്യൂസിയം അനുമതി നൽകി . ഈ വർഷം ഡിസംബറിൽ പുരാവസ്തുക്കൾ കൈമാറും.
1745 നും 1746 നും ഇടയിൽ ശ്രീലങ്കയിലെ ലെവ്‌കെ ഡിസാവ, കാൻഡി രാജാവിന് നൽകിയതായി കരുതപ്പെടുന്ന ലെവ്‌കെയുടെ പീരങ്കിയാണ് കൈമാറുന്നത്.1765-ൽ ഡച്ച് സൈന്യം ഇത് പിടിച്ചെടുത്ത് കൊണ്ടുപോയിരുന്നു. 1658 മുതൽ 1796 വരെ ഡച്ചുകാർ ശ്രീലങ്ക ഭരിച്ചിരുന്ന സമയത്ത് പിടിച്ചെടുത്ത സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ച രണ്ട് വാളുകളും രണ്ട് തോക്കുകളും ഒരു കത്തിയും തിരികെ നൽകുന്ന വസ്തുക്കളിൽ ഉൾപ്പെടുന്നു.
ഇന്തോനേഷ്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നും കൊള്ളയടിച്ച 478 കൊളോണിയൽ പുരാവസ്തുക്കൾ തിരികെ നൽകുമെന്ന് നെതർലൻഡ്സ് ഈ വർഷം ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. ‘ഇതൊരു ചരിത്ര നിമിഷമാണ്. ഭാവിയിലേക്ക് നോക്കേണ്ട നിമിഷം. പുരാവസ്തുക്കൾ തിരികെ നൽകുക മാത്രമല്ല, ഇന്തോനേഷ്യയും ശ്രീലങ്കയുമായി അടുത്ത സഹകരണത്തിന്റെ ഒരു കാലഘട്ടവും ആരംഭിക്കുകയാണ്,” ഗുനൈ ഉസ്ലു പറഞ്ഞു.
Discussion about this post