ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജയിലിൽ എല്ലാ സുഖസൗകര്യങ്ങളോടും കൂടിയ മുറിയാണ് ഒരുക്കിയിരിക്കുന്നതെന്ന് ഉന്നത പോലീസ് അധികൃതർ. തോഷോഖാന അഴിമതിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ മൂന്ന് വർഷമാണ് ഇമ്രാൻ കോടതി ശിക്ഷ വിധിച്ചത്. പാക് പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലാ ജയിലിലാണ് ഇമ്രാൻ ശിക്ഷ അനുഭവിക്കുന്നത്. സ്യൂട്ട് റൂമും എയർ കൂളറും പ്രത്യേക ഭക്ഷണവുമാണ് മുൻ പ്രധാനമന്ത്രിക്ക് ജയിലിൽ ഒരുക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ഇമ്രാൻ ഖാന് വേണ്ടി പ്രത്യേകമായി ഒരു മുറി ഇവിടെ ഒരുക്കിയിട്ടുണ്ട്. കട്ടിലും കിടക്കയും തലയിണയും എയർ കൂളറും ഈ മുറിയിലുണ്ട്. ഇത് കൂടാതെ ഫാനുമുണ്ട്. പ്രാർത്ഥനയ്ക്ക് വേണ്ടി മറ്റൊരു മുറിയും ഒരുക്കിയിരിക്കുന്നു. ഇംഗ്ലീഷ് വിവർത്തനത്തോടു കൂടിയുള്ള ഖുർആനും, ഒഴിവ് സമയങ്ങളിൽ വായിക്കാൻ ന്യൂസ് പേപ്പറുമുണ്ട്. ഇടയ്ക്കിടെ കഴിക്കാൻ ഈന്തപ്പഴവും തേനും തയ്യാറാക്കി വെച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രിക്ക് ജയിൽ അത്തറിനും പഞ്ഞമില്ല.
ഇമ്രാന് വേണ്ടി ഒരുക്കിയ മുറിക്ക് സമീപമുളള ബാത്ത്‌റൂമിൽ വെസ്‌റ്റേൺ ടോയ്‌ലറ്റാണ് ഘടിപ്പിച്ചിരിക്കുന്നത്. വാഷ് ബേസിനും എയർ ഫ്രഷണർ ടവലും ടിഷ്യൂ പേപ്പറും ഇവിടെ തന്നെുണ്ട്. മുൻ പ്രധാനമന്ത്രിയെ പരിപാലിക്കാൻ അഞ്ച് ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവരെല്ലാം എട്ട് മണിക്കൂർ ഷിഫ്റ്റ് അനുസരിച്ച് പ്രവർത്തിക്കും. ഇമ്രാന് വേണ്ടി പ്രത്യേകം ഭക്ഷണം ജയിലിൽ തയ്യാറാക്കുന്നുണ്ട്. ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ പ്രത്യേക സംഘം മുൻ പ്രധാനമന്ത്രിക്ക് ഇത് വിളമ്പിക്കൊടുക്കൂ.
ഭാര്യയുടെയും പാർട്ടിയുടെയും ആവശ്യത്തെ തുടർന്നാണ് ഇമ്രാൻ ഖാന് ജയിലിൽ പ്രത്യേക പരിഗണന നൽകുന്നത്. വീട്ടിൽ നിന്ന് ഭക്ഷണവും വെള്ളവും കൊണ്ടുപോയി കൊടുക്കാനുള്ള അവകാശം ഇമ്രാൻ ഖാന് നിഷേധിക്കുകയാണെന്ന് പാകിസ്താൻ തെഹ്രീക് ഇ ഇൻസാഫ് ആരോപിച്ചിരുന്നു. ഇമ്രാനെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ വരെ സാധ്യതയുണ്ടെന്ന ആരോപണമാണ് ഉന്നയിച്ചത്. ഇതേ തുടർന്നാണ് സുരക്ഷ വർദ്ധിപ്പിച്ചത്.
Discussion about this post