കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ പടക്ക നിർമ്മാണശാലയിലെ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. സംഭവത്തിന് പിന്നിൽ ഭീകരവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് എൻഐഎ അന്വേഷണത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം സ്ഥലം സന്ദർശിക്കും. നോർത്ത് 24 പർഗനാസ് ജില്ലയിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്.
ഫാക്ടറി സന്ദർശിച്ച് എൻഐഎ വിവര ശേഖരണം നടത്തും. ഡിഎസ്പി റാങ്കിലുള്ള എൻഐഎ ഉദ്യോഗസ്ഥനാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാനുള്ള ചുമതല. ശേഷം ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുൻപാകെ സമർപ്പിക്കും. അനധികൃതമായാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നത് എന്നാണ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഭീകരാക്രമണങ്ങൾക്കായുള്ള ആയുധ നിർമ്മാണം ഇവിടെ നടക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് എൻഐഎ പരിശോധന.
ഞായറാഴ്ച രാവിലെയോടെയായിരുന്നു പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം ഉണ്ടായത്. സംഭവ സമയം നിരവധി തൊഴിലാളികൾ ഇവിടെയുണ്ടായിരുന്നു. ഒൻപത് പേർ മരിച്ചതിന് പുറമേ നിരവധി പേർക്ക് പരിക്കേറ്റു. ചുറ്റുമുള്ള 50 ഓളം വീടുകൾ തകർന്നു.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അടുത്തിടെയായി സംസ്ഥാനത്ത് നിരവധി പടക്ക നിർമ്മാണശാലകളാണ് സ്‌ഫോടനത്തിൽ തകർന്നിട്ടുള്ളത്. ഇവയിൽ ഭൂരിഭാഗം എണ്ണത്തിനും പ്രവർത്തിക്കുന്നതിനുള്ള ലൈസൻസ് ഇല്ലെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ഇതിനെതിരെ പരിശോധന നടത്താത്ത തൃണമൂൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
Discussion about this post