ന്യൂഡൽഹി: വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യ പായൽ അബ്ദുള്ളക്ക് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള പ്രതിമാസം ഒന്നര ലക്ഷം രൂപ ജീവനാംശം നൽകണമെന്ന് ഡൽഹി ഹൈക്കോടതി. മകന്റെ വിദ്യാഭ്യാസത്തിനായി അബ്ദുള്ള പ്രതിമാസം അറുപതിനായിരം രൂപ വീതം നൽകണെമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വ്യക്തമാക്കി.
വിചാരണ കോടതിയുടെ 2018ലെ വിധിക്കെതിരെ പായൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് പുതിയ വിധി. 2018 ഏപ്രിൽ 26ലെ ഇടക്കാല ഉത്തരവ് പ്രകാരം അബ്ദുള്ള പായലിന് പ്രതിമാസം 75,0000 രൂപയും പതിനെട്ട് വയസാകുന്നത് വരെ മകന്റെ വിദ്യാഭ്യാസ ചിലവിന് പ്രതിമാസം 25,000 രൂപയുമാണ് നൽകേണ്ടിയിരുന്നത്. ഈ തുകകൾ വർദ്ധിപ്പിക്കണമെന്ന പായലിന്റെ ആവശ്യമാണ് നിലവിൽ ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്.
ഇടക്കാല ഉത്തരവ് പ്രകാരമുള്ള തുക തീരെ അപര്യാപ്തമാണെന്ന് പായൽ കോടതിയിൽ വാദിച്ചു. മക്കൾക്ക് സ്വന്തം ചിലവ് നോക്കാനുള്ള പ്രാപ്തി ആയിട്ടില്ല. അവരുടെ വിദ്യാഭ്യാസത്തിനും ദൈനംദിന ചിലവുകൾക്ക് തന്റെ ബന്ധുക്കളെയാണ് നിലവിൽ ആശ്രയിക്കുന്നതെന്നും പായൽ കോടതിയിൽ ചൂണ്ടിക്കാട്ടി.
നേരത്തേ, പായലിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഒമർ അബ്ദുള്ള സമർപ്പിച്ച ഹർജി വിചാരണ കോടതി തള്ളിയിരുന്നു. വിവാഹബന്ധം പരിഹരിക്കാനാകാത്ത വിധം തകർന്നിട്ടില്ലെന്ന് വിലയിരുത്തിയ കോടതി, ഭാര്യ അബ്ദുള്ളയോട് ക്രൂരത കാട്ടുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു എന്ന വാദങ്ങളും തള്ളി. പുനർവിവാഹം ചെയ്യുന്നതിന് വേണ്ടി നിലവിലെ വിവാഹബന്ധം മോചിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനെതിരെ അബ്ദുള്ള ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു.
Discussion about this post