ഭോപ്പാൽ: ദാമോയിലെ ഗംഗാ ജമ്നാ സ്കൂളിൽ ഹിന്ദു കുട്ടികളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിക്കരുതെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. മറ്റ് മതങ്ങളിൽ പെട്ട കുട്ടികൾക്ക് അവരുടെ ആചാര പ്രകാരം തിലകവും കളഭവും ധരിക്കാൻ അനുവദിക്കണമെന്നും ജസ്റ്റിസ് ദിനേശ് കുമാർ പലിവാൾ വ്യക്തമാക്കി.
മുസ്ലീം കുട്ടികൾക്ക് പുറമേ ഹിന്ദു,ജൈന വിഭാഗത്തിൽ പെട്ട പെൺകുട്ടികളെ കൊണ്ടും നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ചു എന്ന പരാതിയിൽ അന്വേഷണം നേരിടുകയാണ് ദാമോയിലെ ഗംഗാ ജമ്നാ സ്കൂൾ. മുസ്ലീങ്ങളല്ലാത്ത കുട്ടികളും ഹിജാബ് ധരിച്ചിരിക്കുന്ന തരത്തിൽ സ്കൂളുകാർ തന്നെ പുറത്തിറക്കിയ പോസ്റ്ററാണ് വിവാദത്തിന് തുടക്കം കുറിച്ചത്.
തുടർന്ന് സ്കൂളിനെ കുറിച്ച് വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. മുസ്ലീം ഇതര വിദ്യാർത്ഥിനികളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിക്കുന്നതിനെതിരെ രക്ഷകർത്താക്കൾ രംഗത്ത് വന്നിരുന്നു. കൂടാതെ, സ്കൂളിൽ ഉർദു ഭാഷ നിർബന്ധിതമാക്കിയിരിക്കുന്നതായും എല്ലാ മതവിഭാഗങ്ങളിലും പെട്ട വിദ്യാർത്ഥികളെ കൊണ്ട് ഇസ്ലാമിക പ്രാർത്ഥനകൾ ചൊല്ലിക്കുന്നതായും രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു.
തുടർന്ന് നടപടികൾ ആരംഭിച്ച പോലീസ്, അന്വേഷണത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ അസ്ഫ ഷെയ്ഖിനും അദ്ധ്യാപകൻ അനസ് അത്തറിനും പ്യൂൺ റസ്തം അലിക്കുമെതിരെ കേസെടുത്തിരുന്നു. സ്കൂൾ പുറത്തിറക്കിയ പോസ്റ്റർ ഉൾപ്പെടെയുള്ളവ കോടതി പരിശോധിച്ചു. കുട്ടികളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിക്കുന്നതും തിലകം ചാർത്താൻ അനുവദിക്കാത്തതും അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ കൂടി കേസെടുക്കാനുള്ള ഒരുക്കത്തിലാണ് മദ്ധ്യപ്രദേശ് പോലീസ്.
Discussion about this post