കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് വ്യാപാരിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. അയൽ സംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. ബാലുശ്ശേരി സ്വദേശിയായ മുഹമ്മദ് അട്ടൂരിനെയാണ് കാണാതെ ആയത്.
ഈ മാസം 22 മുതലായിരുന്നു മുഹമ്മദിനെ കാണാതെ ആയത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്കായി ഇയാൾ ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് പോകാറുണ്ടായിരുന്നു. ഇതേ തുടർന്നാണ് കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
ഫോൺ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം. കാണാതായ ദിവസം ഉച്ചവരെ ഇയാൾ അത്തോളിയിൽ ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇതിന് ശേഷമാണ് മുഹമ്മദിനെക്കുറിച്ച് വിവരം ഇല്ലാതെ ആകുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇവിടുത്തെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. കടക്കാരിൽ നിന്നുൾപ്പെടെ മൊഴിയും പോലീസ് രേഖപ്പെടുത്തുന്നുണ്ട്.
ബിസിനസ് സംബന്ധമായ യാത്രകൾ ഉണ്ടാകാറുണ്ടെങ്കിലും ഫോൺ ഓഫാക്കുന്നത് പതിവില്ലെന്ന് മുഹമ്മദിന്റെ സഹോദരൻ അബ്ദുള്ളയുടെ മൊഴി. ഈ സാഹചര്യത്തിലാണ് തിരോധാനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന സംശയം ഉയരുന്നത്. മുഹമ്മദിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.












