പാരീസ്: മദ്യലഹരിയിൽ ഈഫൽ ടവറിനു മുകളിൽ കയറി കിടന്ന് ഉറങ്ങിയ വിനോദ സഞ്ചാരികൾ പിടിയിൽ. അമേരിക്കക്കാരായ രണ്ട് പേരാണ് പിടിയിലായത്. മദ്യ ലഹരിയിൽ ഒരു രാത്രിയാണ് ഇരുവരും ടവറിന് മുകളിൽ കിടന്ന് ഉറങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ടവർ കാണാൻ ഇരുവരും പ്രവേശനപാസ് എടുത്തിരുന്നു എന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ ടവറിന് അടുത്ത് എത്തിയ ഇരുവരും മദ്യലഹരിയിൽ പടികളിലൂടെ മുകളിലേക്ക് കയറുകയായിരുന്നു. ഇത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിറ്റേന്ന് രാവിലെ ടവറും പരിസരവും നിരീക്ഷിക്കുന്നതിനിടെ ഇരുവരെയും സുരക്ഷാ ജീവനക്കാർ കാണുകയായിരുന്നു. രണ്ടും, മൂന്നും നിലകളിലായായിരുന്നു ഇവർ കിടന്നിരുന്നത് എന്നാണ് സുരക്ഷാ ജീവനക്കാരുടെ മൊഴി.
രണ്ട് പേരെയും കണ്ടയുടൻ സുരക്ഷാ ജീവനക്കാർ വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് എത്തി ഇവരെ താഴെ ഇറക്കുകയായിരുന്നു. മദ്യലഹരിയിൽ ആയിരുന്ന ഇരുവരെയും വളരെ സൂക്ഷിച്ചാണ് താഴേയ്ക്ക് ഇറക്കിയത്. തുടർന്ന് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
ശനിയാഴ്ച ടവറിൽ ബോംബുവച്ചിട്ടുണ്ടെന്ന തരത്തിൽ പോലീസിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ജാഗ്രത തുടരുന്നതിനിടെയാണ് മദ്യലഹരിയിൽ രണ്ട് പേർ ടവറിലേക്ക് കയറിയത്. ഇരുവരും മദ്യലഹരിയിൽ കയറിയത് ആണെന്നും, ദുരുദ്ദേശ്യമില്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം സംഭവത്തിൽ ഇരുവർക്കുമെതിരെ പരാതിയും നൽകിയിട്ടുണ്ട്.
Discussion about this post