ബംഗളൂരു: അഭിമാനദൗത്യമായ ചാന്ദ്രയാൻ 3 ന് പിന്നാലെ ഇന്ത്യ തന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1 വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ദൗത്യത്തിന്റെ കൗൺഡൗണിന് മുൻപേ ക്ഷേത്രദർശനം നടത്തി ഇസ്രോ ചെയർമാൻ എസ് സോമനാഥും ശാസ്ത്രജ്ഞരും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആന്ധ്രാപ്രദേശിലെ സുല്ലൂർപേട്ടയിലെ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തിൽ ചെയർമാനും ശാസ്ത്രജ്ഞരും എത്തിയത്. ഇവിടെയെത്തിയ ഇവർ പ്രത്യേക പൂജകൾ നടത്തിയാണ് മടങ്ങിയതെന്നാണ് വിവരം.
വിക്ഷേപണം വിജയമാകാൻ വേണ്ടി പ്രാർത്ഥിക്കാനാണ് താൻ ക്ഷേത്രത്തിലെത്തിയതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അദ്ദേഹം അറിയിച്ചു.
റോക്കറ്റ് വിക്ഷേപണത്തിന് മുമ്പ് ഐഎസ്ആർഒ ഉദ്യോഗസ്ഥർ ഈ ക്ഷേത്രം സന്ദർശിക്കുന്നത് 15 വർഷത്തെ പാരമ്പര്യമായി മാറിയെന്ന് ചെങ്കളമ്മ പരമേശ്വരി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു.
ചാന്ദ്രയാൻ 3 വിക്ഷേപണത്തിന് മുൻപും ശേഷവും അദ്ദേഹവും ഭാര്യയും വെങ്ങാനൂരിലെ പൗർണമിക്കാവിൽ എത്തി പ്രത്യേക പൂജകളിൽ പങ്കെടുത്തിരുന്നു.
ഉപഗ്രഹവുമായി രണ്ടാം വിക്ഷേപണത്തറയിലെത്തിച്ച പിഎസ്എൽവി സി57 റോക്കറ്റ് നാളെ രാവിലെ 11.50നാണു വിക്ഷേപിക്കുക. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എൽ1)വിനു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലാണ് ആദിത്യ എൽ1 എത്തുക. കൊറോണൽ മാസ് ഇജക്ഷൻ (സിഎംഇ) ആണ് പ്രധാനമായും പഠിക്കുക. സൗരാന്തരീക്ഷത്തിന്റെ മുകൾഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും.
Discussion about this post