കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടറിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന ആരോപണത്തിൽ വനിതാ ഡോക്ടർ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ്. വനിതാ ഡോക്ടർ അയച്ച ഇ-മെയിൽ ആണ് ആശുപത്രി സൂപ്രണ്ട് പോലീസിന് കൈമാറിയത്. എന്നാൽ ഇതിൽ പോലീസ് കേസെടുത്താൽ തിരിച്ചടി ഉണ്ടാകുമെന്നാണ് നിയമോപദേശമെന്നാണ് വിവരം. സംഭവം വിവാദമായതോടെ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്.
2019 ഫെബ്രുവരിയിൽ ഹൗസ് സർജൻസി ചെയ്യുമ്പോൾ വൈകീട്ട് ആശുപത്രി ക്വാർട്ടേഴ്സിൽ മുതിർന്ന ഡോക്ടറുടെ സ്വകാര്യ കൺസൾട്ടിങ് മുറിയിൽ വെച്ചായിരുന്നു സംഭവമെന്നാണ് വനിതാ ഡോക്ടറുടെ വെളിപ്പെടുത്തൽ. തനിച്ചായിരുന്ന തന്നെ മുതിർന്ന ഡോക്ടർ ബലമായി ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്‌തെന്നാണ് വനിതാ ഡോക്ടർ വെളിപ്പെടുത്തിയിരിക്കുന്നത്.
ആരോപണ വിധേയനായ ഡോക്ടർ ഇപ്പോഴും സർവീസിൽ തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. പീഡനവുമായി ബന്ധപ്പെട്ട വിവരം വനിതാ ഡോക്ടർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. സംഭവം നടന്ന സമയത്ത് വിവരം ചില സഹപ്രവർത്തകരോട് ഡോക്ടർ പങ്കുവെച്ചിരുന്നു. എന്നാൽ അന്ന് പരാതി നൽകിയിരുന്നില്ലെന്നുമാണ് വിവരം.
Discussion about this post