ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
കാനറ ബാങ്കുമായി ബന്ധപ്പെട്ട് 538 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിനാണ് അറസ്റ്റ് . അറസ്റ്റിനു മുൻപായി നരേഷ് ഗോയലിനെ മുംബൈയിലെ ഇഡി ഓഫീസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് ഗോയലിനെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ഗോയലിനെ ഇന്ന് മുംബൈയിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ മേയിലാണ് നരേഷ് ഗോയലിനെതിരെ സിബിഐ ഒരു തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്യുന്നത്. പിന്നീട് ഇഡി അന്വേഷണം നടത്തുകയും കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്യുകയുമായിരുന്നു.
കാനറ ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സിബിഐ ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. 2020 ജൂലൈയിൽ ഗോയലിന്റെയും ഭാര്യ അനിതയുടെയും വീടുകളിലും ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ജെറ്റ് എയർവേയ്‌സിന് 848.86 കോടി രൂപയുടെ വായ്പ അനുവദിച്ചതായാണ് കാനറ ബാങ്ക് ആരോപിക്കുന്നത്. അതിൽ 538.62 കോടി രൂപ കുടിശ്ശികയാണ്. ഇതേ തുടർന്നാണ് ബാങ്ക് പരാതി നൽകുന്നത്.
Discussion about this post