വിജയകരമായ ബഹിരാകാശ ദൗത്യങ്ങൾക്ക് ശേഷം ഐഎസ്ആർഒയ്ക്ക് ജനങ്ങളിൽ നിന്നും വ്യാപകമായ വരവേൽപ്പും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചാന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗും ആദിത്യ എൽ 1 വിക്ഷേപണവുമെല്ലാമായി ഇപ്പോൾ വലിയ രീതിയിലുള്ള ജനശ്രദ്ധയാണ് ഐഎസ്ആർഒ യ്ക്കും ശാസ്ത്രജ്ഞർക്കും ലഭിക്കുന്നത്. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്ക് ഇപ്പോൾ ഇന്ത്യയിലാകമാനമായി നിരവധി ആരാധകരും ഉണ്ട്. ഇത്തരത്തിൽ ഒരു കുട്ടി ആരാധകൻ ഐഎസ്ആർഒ മേധാവിയായ എസ് സോമനാഥിന് നൽകിയ ഒരു സമ്മാനമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
വിക്രം ലാൻഡറിന്റെ ഒരു ചെറു പകർപ്പാണ് എസ് സോമനാഥിന് ഈ കുട്ടി ആരാധകന്റെ സമ്മാനം. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനായ പി വി വെങ്കിടകൃഷ്ണനാണ് ഈ ഹൃദയസ്പർശിയായ നിമിഷം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. “ഐഎസ്ആർഒ മേധാവി ശ്രീ സോമനാഥിന് ഇന്ന് ഒരു സർപ്രൈസ് സന്ദർശകനുണ്ടായിരുന്നു. ആ അയൽവാസി തന്റെ സ്വന്തം വിക്രം ലാൻഡർ മോഡൽ ഐഎസ്ആർഒ മേധാവിക്ക് കൈമാറി.” എന്ന കുറിപ്പോടെയാണ് പി വി വെങ്കിടകൃഷ്ണൻ ഈ ചിത്രം പങ്കുവെച്ചത്.
നിരവധി പേരാണ് ഈ കൗതുകകരമായ ചിത്രം കാണുകയും ആശംസകൾ അറിയിക്കുകയും ചെയ്തത്. തീർത്തും ഹൃദയസ്പർശിയായ സമ്മാനം എന്നാണ് ആരാധകർ ഇതിനെക്കുറിച്ച് പറയുന്നത്. ഐഎസ്ആർഒ മേധാവിക്കും കുട്ടി ആരാധകനും നിരവധി പേർ ആശംസകൾ അറിയിച്ചു.
Discussion about this post