ന്യൂഡൽഹി: ബി ജെ പി യെ നേരിടാനായി നടത്തുന്ന നീക്കങ്ങൾക്കിടയിൽ അല്പം പാചകവുമായി കോൺഗ്രസ് നേതാവും വയനാട് എം പി യുമായ രാഹുൽ ഗാന്ധി. മുൻ മുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ വസതിയിൽ വെച്ച് തയ്യാറാക്കിയ മട്ടൻ കറിയെകുറിച്ചുള്ള വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
വീഡിയോ രാഹുലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. ബീഹാറിലെ പ്രശസ്തമായ ചമ്പാരൻ മട്ടൻ കറി എങ്ങനെയാണ് പാചകം ചെയ്യേണ്ടതെന്ന് പഠിപ്പിക്കുന്ന വീഡിയോയിൽ ലാലുവിനോടൊപ്പം മകൾ മിസയും ഉണ്ട്.
യൂറോപ്പിൽ പഠിക്കുന്ന സമയത്തു് ഒറ്റയ്ക്കായിരുന്നു താമസം. അതിനാൽ പാചകം ചെയ്യേണ്ടിവന്നു. അത്യാവശ്യ കാര്യങ്ങൾ ചെയ്യാൻ അറിയാമെങ്കിലും പാചകത്തിൽ താനൊരു വിദഗ്ദ്ധൻ അല്ലെന്നും രാഹുൽ വീഡിയോയിൽ പറയുന്നുണ്ട്. ലാലുവിനോട് എങ്ങനെയാണ് ഇത്ര നന്നായി പാചകം പഠിച്ചത് എന്ന് രാഹുൽ ചോദിക്കുന്നുണ്ട്. താൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ പാചകത്തിൽ ശ്രദ്ധിച്ചിരുന്നു. പിന്നീട് ജോലി ചെയ്യുന്ന സഹോദരങ്ങളെ കാണാൻ പട്നയിൽ പോകുമായിരുന്നു. ആ സമയത്ത് അവർക്ക് വേണ്ടി പാചകം ചെയ്യുകയും വിറക് ശേഖരിക്കുകയും മസാലക്കൂട്ടുകൾ പൊടിച്ചെടുക്കുകയുമൊക്കെ ചെയ്തിരുന്നു എന്ന് ലാലു പറഞ്ഞു.
ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ എങ്ങനെയാണ് മട്ടൻ കറി തയ്യാറാക്കേണ്ടതെന്ന് ലാലു വിശദമായി പറഞ്ഞു കൊടുക്കുന്നുണ്ട്. ആദ്യം മട്ടനിൽ നന്നായി മസാല, ഉപ്പ് എല്ലാം ചേർത്ത് പുരട്ടി വെയ്ക്കുക. എല്ലാം നന്നായി യോജിച്ചാൽ മാത്രമേ കറിയ്ക്കു നല്ല രുചി ലഭിക്കുകയുളളൂ ലാലു വിശദമാക്കി.
പാചകത്തിനിടയിൽ രാഹുൽ രാഷ്ട്രീയവും ചർച്ച ചെയ്തു. രാഷ്ട്രീയത്തിലെ രഹസ്യകൂട്ട് എന്താണ് എന്ന് രാഹുൽ ചോദിച്ചു. അനീതിയ്ക്ക് എതിരെ പോരാടുക, കഠിനാധ്വാനം ചെയ്യുക ഇതെല്ലാമാണ് രാഷ്ട്രീയത്തിൽ വിജയിക്കാൻ വേണ്ടതെന്ന് ലാലു മറുപടിയായി രാഹുലിനോട് പറയുന്നുണ്ട്.
Discussion about this post