ന്യൂഡൽഹി: സനാതന ധർമത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം നൽകിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെതിരെ നിയമ നടപടി ആരംഭിച്ച് സുപ്രീം കോടതി അഭിഭാഷകൻ. സനാതന ധർമത്തെ ഉന്മൂലനം ചെയ്യാനുള്ള ഉദയനിധി സ്റ്റാലിന്റെ ആഹ്വാനം ഹിന്ദു വംശഹത്യക്കുള്ള ആഹ്വാനമാണ്. ഇതിന്റെ പേരിൽ സ്റ്റാലിന്റെ മകൻ കോടതി കയറും, ജയിലിലും പോകുമെന്ന് ഉദയനിധിക്കെതിരെ പരാതി നൽകിയ അഭിഭാഷകൻ വിനീത് ജിൻഡൽ അറിയിച്ചു.
സ്റ്റാലിന്റെ മകനെതിരെ ഡൽഹി പോലീസ് കമ്മീഷണർക്കും നോർത്ത് വെസ്റ്റ് ഡിസിപിക്കും സൈബർ സെല്ലിനുമാണ് പരാതി നൽകിയിരിക്കുന്നത്. ഇത്തരം ആളുകൾക്ക് യോജിച്ച സ്ഥലം ജയിലാണ്. ഇത്രമേൽ നികൃഷ്ടമായ രീതിയിൽ വിദ്വേഷ വിഷം ചീറ്റിയ ഉദയനിധി സ്റ്റാലിനെ ഇരുമ്പഴിക്കുള്ളിൽ ആക്കാൻ നിയമത്തിന്റെ സാദ്ധ്യമായ എല്ലാ മാർഗങ്ങളും തേടുമെന്നും ജിൻഡൽ പറഞ്ഞു.
അതേസമയം ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി ബിജെപി നേതാക്കൾ രംഗത്ത് വന്നു. പ്രതിപക്ഷ സഖ്യമായ ഇൻഡിയ, രാജ്യത്തെ ഹിന്ദുക്കളെ എത്രമാത്രം വെറുക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഉദയനിധിയുടെ വാക്കുകളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. സനാതന ധർമത്തെ ഉന്മൂലനം ചെയ്യുമെന്ന് പറയാൻ ആരാണ് ഈ ഉദയനിധിയെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ ചോദിച്ചു.
സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വാക്കുകൾ അങ്ങേയറ്റം അപകടകരവും ഗുരുതരവുമാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. രാജ്യത്തെ എൺപത് ശതമാനം വരുന്ന ജനങ്ങളെയും വംശഹത്യ ചെയ്യാനുള്ള ആഹ്വാനമാണ് ഉദയനിധി നൽകിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post