ചേർത്തല : കുവിയെ മലയാളികൾ ആരും അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. 2020 ഓഗസ്റ്റിൽ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ തന്റെ കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ട് ഈ ഭൂമിയിൽ ഒറ്റയ്ക്കായി പോയവളാണ് കുവി. തന്റെ കളിക്കൂട്ടുകാരി ധനുഷ്കയുടെ മൃതശരീരം മണ്ണിനടിയിൽ നിന്നും കണ്ടെത്താൻ രക്ഷാപ്രവർത്തകരെ സഹായിച്ചു കൊണ്ടാണ് അവൾ എല്ലാ മലയാളികളുടെയും മനസ്സിലേക്ക് കടന്നു കയറിയത്. ദുരന്ത ഭൂമിയിൽ ഊണും ഉറക്കവും ഇല്ലാതെ തന്നെ സംരക്ഷിച്ചിരുന്ന കുടുംബത്തെ തിരഞ്ഞ് നടന്നിരുന്ന കുവി ഓരോ മനുഷ്യരുടെയും കണ്ണ് നനയ്ക്കുന്ന കാഴ്ചയായിരുന്നു.
കുവിയെ പിന്നീട് കേരള പൊലീസിന്റെ കെ9 സ്ക്വാഡിലേക്ക് എടുത്തിരുന്നതും വീണ്ടും പെട്ടിമുടിയിലേക്ക് തിരിച്ചെത്തിയതും വലിയ വാർത്തയായിരുന്നു. ഒടുവിൽ അവൾ ഇടുക്കി കെ9 സ്ക്വാഡിലെ ശ്വാനപരിശീലകനായ അജിത് മാധവന്റെ കൈകളിലെത്തി. ഇന്ന് ചേർത്തലയിലെ അജിത് മാധവന്റെ വീട്ടിൽ സുഖമായി കഴിയുകയാണ് കുവി. ജീവിതത്തിൽ വലിയ താരമായ കുവി ഇപ്പോൾ സിനിമയിലും ഒരു കൈ നോക്കാനുള്ള പുറപ്പാടിലാണ്. ശ്രീജിത്ത് പൊയിൽക്കാവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നജസ്സ് എന്ന സിനിമയിലൂടെയാണ് കുവി വെള്ളിത്തിരയിൽ അരങ്ങേറുന്നത്.
60 പേർ മരിച്ച പെട്ടിമുടി ദുരന്തം കഴിഞ്ഞ് മൂന്നുവർഷത്തിനു ശേഷമാണ് കുവി ജീവിതത്തിലെ മറ്റൊരു ദൗത്യത്തിലേക്ക് പ്രവേശിക്കുന്നത്. നജസ്സിൽ മുഴുനീള കഥാപാത്രം തന്നെയാണ് കുവിക്ക് ലഭിച്ചിരിക്കുന്നത്. സിനിമയിൽ അരങ്ങേറുന്നതിന്റെ ഭാഗമായി കുറേ ദിവസങ്ങളായി കുവി കടുത്ത പരിശീലനത്തിലാണ്. കുവിയുടെ ചിത്രവുമായി പുറത്തിറങ്ങിയ നജസ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്.













Discussion about this post