ന്യൂഡൽഹി: സനാതന ധർമത്തെ ഉന്മൂലനം ചെയ്യാനുള്ള തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിന്റെ ആഹ്വാനം ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി. രാഹുൽ ഗാന്ധി തുറന്നിരിക്കുന്നത് സ്നേഹത്തിന്റെയല്ല, മറിച്ച് കപട സ്നേഹത്തിന്റെ കടയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു.
രാഹുൽ തുറന്ന കപട സ്നേഹത്തിന്റെ കടയിൽ നിന്നും വമിക്കുന്നത് വർഗീയ വിദ്വേഷത്തിന്റെ വിഷമാണെന്നും ഉദയനിധിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ നദ്ദ പറഞ്ഞു. വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ ഈ ഹിന്ദു വിരുദ്ധതയാണോ ഇൻഡിയ സഖ്യത്തിന്റെ നയമെന്നും അദ്ദേഹം ചോദിച്ചു.
സനാതന ധർമത്തിന് നേർക്ക് ഇൻഡിയ സഖ്യം തുടർച്ചയായി കടന്നാക്രമണം നടത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട്, സനാതന ധർമത്തെ അവസാനിപ്പിക്കാം എന്നാണ് കോൺഗ്രസും ഡിഎംകെയും കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന രാജ്യവിരുദ്ധ പ്രവർത്തനമാണെന്ന് ബിജെപി നേതാവ് സുശീൽ മോദി പറഞ്ഞു. ഇക്കാര്യത്തിൽ ഇൻഡിയ നേതാക്കൾ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉദയനിധി സ്റ്റാലിന്റെ ആവശ്യം തങ്ങൾ അംഗീകരിക്കുന്നുണ്ടോ എന്ന് രാഹുൽ ഗാന്ധിയും നിതീഷ് കുമാറും ലാലു പ്രസാദ് യാദവും വ്യക്തമാക്കണം. കോൺഗ്രസിന്റെ എല്ലാ പ്രമുഖ നേതാക്കളും ഈ വിഷയത്തിൽ മൗനം തുടരുകയാണ്. ഇത് ഉദയനിധിയുടെ പ്രസ്താവനയോടുള്ള ഇവരുടെ ആഭിമുഖ്യമാണ് വ്യക്തമാക്കുന്നതെന്നും സുശീൽ മോദി പറഞ്ഞു.
സനാതന ധർമം എന്നത് ഇന്ത്യയുടെ ധർമമാണ്. സനാതന ധർമത്തെ അപമാനിച്ചതിലൂടെ ഡിഎംകെ ഇന്ത്യയെയാണ് അപമാനിച്ചിരിക്കുന്നത്. ഇത്തരം പ്രസ്താവനകളെ ശക്തിയായി അപലപിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു.
Discussion about this post