തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിലെ പ്രതി സെക്രട്ടേറിയറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. പോലീസിന്റെ മെല്ലെപ്പോക്കിനെതിരെ കടുത്ത വിമർശനം ഉയർന്നതോടെയാണ് കേസെടുത്ത് ഒരാഴ്ചയ്ക്കു ശേഷം തുടർനടപടി ഉണ്ടാകുന്നത്. കേസെടുത്തതിന് പിന്നാലെ നന്ദകുമാർ സമൂഹമാദ്ധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. നിലവിൽ ജാമ്യം ലഭിക്കുന്ന നിസാര വകുപ്പുകളാണ് ഇയാൾക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
ഡിജിപിക്ക് അച്ചു ഉമ്മൻ പരാതി നൽകിയതിന് തൊട്ടു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനായ പൂജപ്പുര പോലീസ് ഇൻസ്‌പെക്ടർ പുതുപ്പള്ളിയിലെ വീട്ടിലെത്തി അച്ചു ഉമ്മന്റെ മൊഴിയെടുത്തിരുന്നു. ഇടതു സംഘടനാ പ്രവർത്തകനായ നന്ദകുമാറിന് വിരമിച്ച ശേഷം സർക്കാർ സ്ഥാപനത്തിൽ ഉന്നത പദവിയിൽ പുനർനിയമനം നൽകിയിരുന്നു. ഐഎച്ച്ആർഡിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായാണ് പുനർനിയമനം നൽകിയത്. സർവ്വീസ് ചട്ടങ്ങൾ ലംഘിച്ച് സ്ത്രീകളെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിന് പ്രതിയായിട്ടും ഐഎച്ച്ആർഡിയും ഒരു നടപടിയും എടുത്തിട്ടില്ല.
Discussion about this post