ശ്രീനഗർ: ജമ്മു കശ്മീരിലെ ഏറ്റവും പ്രായം ചെന്ന ഭീകരനും ഹിസ്ബുൾ മുജാഹിദ്ദീന്റെ ഏറ്റവും മുതിർന്ന നേതാവുമായ ജഹാംഗീർ സറൂരി എന്ന മുഹമ്മദ് അമീൻ ഭട്ട് സൈന്യത്തിന്റെ നിരീക്ഷണ വലയത്തിലെന്ന് സൂചന. കിഷ്ത്വാറിലെ ഇയാളുടെ ഒളിത്താവളം കഴിഞ്ഞ ദിവസം സൈന്യം തകർത്തിരുന്നു. ഇവിടെ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഇയാൾ കിഷ്ത്വാർ- ദോഡ അതിർത്തിയിലെ മാർവാ- ദച്ചാൻ മേഖലയിലെ വനാന്തരങ്ങളിൽ ഭക്ഷണമോ ആയുധമോ ഇല്ലാതെ അലയുകയാണ് എന്നാണ് റിപ്പോർട്ട്.
എ പ്ലസ് പ്ലസ് വിഭാഗത്തിൽ പെടുന്ന ഭീകരനായ സറൂരിയുടെ തലയ്ക്ക് 50 ലക്ഷം രൂപയാണ് പോലീസും എൻ ഐ എയും വിലയിട്ടിരിക്കുന്നത്. 1992 മുതൽ ഭീകര പ്രവർത്തനത്തിൽ സജീവമായ സറൂരി, ജമ്മു കശ്മീരിൽ നിന്നും അസംഖ്യം യുവാക്കളെ ഭീകര പ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്തതിന് പാക് ഭീകരരിൽ നിന്നും പ്രശംസ ഏറ്റുവാങ്ങിയ കൊടും കുറ്റവാളിയാണ്. കിഷ്ത്വാർ, ദോഡ, റംബാൻ, ഭാദർവാ എന്നീ മേഖലകൾ കേന്ദ്രമാക്കിയായിരുന്നു ഇയാളുടെ പ്രവർത്തനങ്ങൾ.
2018ൽ ബിജെപി ജമ്മു കശ്മീർ സംസ്ഥാന സെക്രട്ടറി അനിൽ പരിഹാർ, സഹോദരൻ അജിത് പരിഹാർ എന്നിവരെ കൊലപ്പെടുത്തിയതിന് പിന്നിലെ മുഖ്യ സൂത്രധാരനായിരുന്നു സറൂരി. 2019 ഏപ്രിൽ മാസത്തിൽ ആർ എസ് എസ് നേതാവ് ചന്ദ്രകാന്ത് ശർമ്മയെയും അംഗരക്ഷകനെയും കൊലപ്പെടുത്തിയതിന് പിന്നിലും ഇയാളുടെ ആസൂത്രണമായിരുന്നു. തുടർന്ന് 2019 ഒക്ടോബർ 22ന് സറൂരിയെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 30 ലക്ഷം രൂപ കിഷ്ത്വാർ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെയും കൂട്ടാളികളുടെയും ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ, സംഘം കാടുകയറുകയായിരുന്നു.
സറൂർ ജില്ലയിലെ പരിബാഗിൽ കഴിഞ്ഞ ദിവസം സൈന്യവും പോലീസും രാഷ്ട്രീയ റൈഫിൾസും സി ആർ പി എഫും ചേർന്ന് സംയുക്തമായി നടത്തിയ തിരച്ചിലിൽ സറൂരിയെ കുറിച്ച് സുപ്രധാന വിവരം ലഭിച്ചതായി കിഷ്ത്വാർ എസ് എസ് പി ഖലീൽ പോസ്വാൾ വ്യക്തമാക്കിയിരുന്നു. ഇവിടെ ഇരുന്നായിരുന്നു ഇയാൾ തുടർ ഭീകര പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടിരുന്നത്. മേഖല മുഴുവൻ നിലവിൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
സറൂരിയുടെ സഹോദരൻ അബ്ദുൾ കരീം ബട്ടിനെ കഴിഞ്ഞ മാസം പോലീസ് പിടികൂടിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഹർ ഘർ തിരംഗ ആഹ്വാനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 15ന് വീട്ടിൽ ദേശീയ പതാക ഉയർത്തിയ സറൂരിയുടെ മകൻ അദ്നാൻ, പിതാവിന്റെ ഭീകര പ്രവർത്തനങ്ങളെ തള്ളിപ്പറയുകയും അയാളോട് നിയമത്തിന് വിധേയനാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പഠിച്ച് മികച്ച വിജയം നേടി മനുഷ്യരെയും സഹജീവികളായ പക്ഷി മൃഗാദികളെയും സേവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പന്ത്രണ്ടാം ക്ലാസുകാരനായ അദ്നാൻ വ്യക്തമാക്കിയിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം റിയാസി ജില്ലയിലെ കാലബൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വകവരുത്തിയിരുന്നു. ഏറ്റുമുട്ടലിൽ ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. കൊല്ലപ്പെട്ട ഭീകരന്റെ പക്കൽ നിന്നും എകെ സീരീസ് തോക്കുകളും മറ്റ് ആയുധങ്ങളും പിടികൂടിയിരുന്നു. പീർ പാഞ്ചൽ മേഖലയിലെ ഭീകരർക്ക് ഇത്രയും ആയുധങ്ങൾ ലഭിക്കുന്നതിന് പിന്നിൽ ജഹാംഗീർ സറൂരി ഉൾപ്പെടെയുള്ള ഭീകരരുടെ സ്വാധീനമാണ് എന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.
Discussion about this post