റായ്പുർ : സെപ്റ്റംബർ 19ന് ഗണേശ ചതുർത്ഥി ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഈ വർഷത്തെ ഗണേശോത്സവത്തിന് ട്രെൻഡാവുന്നത് ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ ദൗത്യത്തെ അനുസ്മരിപ്പിക്കുന്ന ഒരു പന്തലാണ്. ഛത്തീസ്ഗഡിലാണ് 120 അടി ഉയരമുള്ള ഈ വ്യത്യസ്തമായ ചാന്ദ്രയാൻ പന്തൽ ഒരുങ്ങുന്നത്.
ഛത്തീസ്ഗഡിലെ കാളിബാരിയിലാണ് ഈ ട്രെൻഡിംഗ് പന്തൽ ഒരുങ്ങുന്നത്.
ചാന്ദ്രയാൻ വിക്ഷേപണത്തിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പന്തൽ ഒരുക്കി മുകളിലായി ഗണേശ ശില്പം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഇവിടെ സംഘാടകർ. 45 ദിവസത്തോളമെടുക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് ഈ പന്തലിനായി നടക്കുന്നത്. കൊൽക്കത്തയിൽ നിന്നുള്ള 30 കരകൗശല വിദഗ്ധർ ചേർന്നാണ് ചാന്ദ്രയാൻ പന്തൽ നിർമ്മിക്കുന്നത്. സെപ്റ്റംബർ 19ന് നടക്കുന്ന ഗണേശോത്സവത്തിന് രണ്ടുദിവസങ്ങൾക്കു മുൻപ് തന്നെ പന്തലിന്റെ നിർമ്മാണം പൂർത്തിയാകും എന്നാണ് നിർമ്മാതാക്കൾ പറയുന്നത്.
കാളിബാരി ഭോലേനാഥ് ഗണേശ് ഉത്സവ് കമ്മിറ്റിയാണ് ചന്ദ്രയാൻ-3 പ്രമേയമാക്കി പന്തൽ ഒരുക്കുന്നത്. പ്രധാനമായി മുളയാണ് പന്തലിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ചില ഭാഗങ്ങളിൽ പ്ലൈവുഡും ഉപയോഗിച്ചിട്ടുണ്ട്. 120 അടി നീളത്തിലും 70 അടി വീതിയിലുമാണ് പന്തൽ ഒരുക്കുന്നത്. ഈ 120 അടിക്ക് മുകളിലായി ഗംഭീരമായ ഒരു ഗണേശ ശില്പവും സ്ഥാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Discussion about this post