ന്യൂഡൽഹി: ഇന്ത്യ അദ്ധ്യക്ഷപദം വഹിക്കുന്ന ജി 20 ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കമായിരിക്കുകയാണ്. ലോകത്തെ പ്രമുഖ രാഷ്ട്രത്തലവന്മാരെല്ലാം എത്തുന്ന യോഗത്തിനായി വലിയ ഒരുക്കങ്ങളാണ് ഭാരതം നടത്തിയിരിക്കുന്നത്. കനത്ത സുരക്ഷയും ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന സ്വീകരണവും ഒപ്പം രുചികരമായ വിഭവങ്ങളടങ്ങിയ മെനുവുമാണ് നേതാക്കൾക്കായി ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വൈധ്യമായ രുചികളോടൊപ്പം വിദേശ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള രുചിയും ഫുഡ് മെനുവിൽ ഉണ്ടാകും. ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിൽ ശനിയാഴ്ച ഉച്ചക്കാണ് വെജിറ്റേറിയൻ പ്ലേറ്റർ വിരുന്നൊരുക്കിയിരിക്കുന്നത്. രണ്ടു ദിവസത്തെ ഉച്ചകോടിക്കായി ഐ.ടി.സി ഹോട്ടൽ ശൃംഖലയാണ് ഭക്ഷണം തയ്യാറാക്കുന്നത്. 500 ൽ അധികം വിഭവങ്ങളാണ് ഒരുക്കുന്നത്. താജ് പാലസിൽ മാത്രം 120 ലധികം അംഗങ്ങളാണ് പാചകസംഘത്തിലുള്ളത്.
സസ്യാഹാരവുംം നാടൻ ധാന്യങ്ങളും നാടൻ പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതുമായ പലതരം ഭക്ഷണങ്ങളുണ്ട്.ബിഹാറിലെ ലിറ്റി ചോഖ, തിന കൊണ്ടുണ്ടാക്കിയ രാജസ്ഥാനി ദാൽ ബത്തി ചുർമ, പഞ്ചാബി തഡ്ക ദാൽ, ദക്ഷിണേന്ത്യൻ വിഭവങ്ങളായ ഉത്പം, ഇഡ്ലി, ബംഗാളി രസഗുല്ല, ദക്ഷിണേന്ത്യൻ മസാല ദോശ, ജിലേബി എന്നിവ ഇതിൽ ഉൾപ്പെടുന്നു.ദേശി സ്ട്രീറ്റ് ഫുഡ് ഇന്ത്യയിൽ വളരെ പ്രസിദ്ധമാണ്, ഇന്ത്യ സന്ദർശിക്കുന്ന അതിഥികൾക്കും ഇത് രുചിചിക്കാൻ കഴിയും. പതിവുപോലെ, തെരുവ് ഭക്ഷണങ്ങളുടെ പട്ടികയിൽ ഗോൽഗപ്പ, ദാഹി ബല്ല, സമൂസ, ഭേൽപുരി, വട പാവ്, ചത്പതി ചാട്ട് എന്നിവ ഉൾപ്പെടുന്നു. കുങ്കുപൂവ് ഉൾപ്പെടെ ചേർത്തുള്ള കശ്മീരി കഹ്വ ഗ്രീൻ ടീയും ഫിൽറ്റർ കോഫിയും ഡാർജലിങ് ടീയുമെല്ലാം ലോകനേതാക്കൾക്ക് പുതു രുചി സമ്മാനിക്കും.പാശ്ചാത്യ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് അതും ഒരുക്കും.
ലോകം ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം ആഘോഷിക്കുകയാണ്. അതിനാൽ, ഈ ഉച്ചകോടിയിൽ സമൂസ, പരാത്ത, ഖീർ, ഹൽവ എന്നിവ നൽകുമെന്നാണ് റിപ്പോർട്ട്.
Discussion about this post