പറ്റ്‌ന: രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബിഹാറിൽ നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാവ് അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി റിയാസ് മറൂഫ് ആണ് അറസ്റ്റിലായത്. എൻഐഎ തിരയുന്ന ഇയാളെ മോത്തിഹാരി പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന്റെ ഭാഗമായി ബിഹാറിലെ കേന്ദ്രങ്ങളിൽ എൻഐഎ വ്യാപകമായി പരിശോധന നടത്തുകയും നിരവധി പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചതിൽ നിന്നുമാണ് റിയാസിന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഇതിന് പിന്നാലെ റിയാസ് ഒളിവിൽ പോയി. ഇയാൾക്കായി ഊർജ്ജിത അന്വേഷണം നടത്തിവരികയായിരുന്നു എൻഐഎ.
സംസ്ഥാനത്ത് ഭീകര സംഘടന രൂപീകരിക്കാൻ ആയിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നത് എന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് റിയാസിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ റിയാസിനെ എൻഐഎയ്ക്ക് കൈമാറാനാണ് പോലീസിന്റെ തീരുമാനം. സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രഹസ്യ കേന്ദ്രത്തിലാണ് റിയാസിനെ ചോദ്യം ചെയ്യുന്നത് എന്നാണ് വിവരം.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ കേസിൽ സംസ്ഥാനത്ത് നിന്നും 15 പോപ്പുലർ ഫ്രണ്ട് ഭീകരരെയാണ് എൻഐഎ അറസ്റ്റ് ചെയ്തിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post