ഭോപ്പാൽ: പാമ്പിനെ കഴുത്തിൽ ചുറ്റി ജന്മദിനം ആഘോഷിച്ച് മദ്ധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ. ഷിയോപുരിൽ നിന്നുള്ള എംഎൽഎയായ ബാബു ജൻഡേൽ ആണ് ജീവനുള്ള പാമ്പിനെ കഴുത്തിൽ ചുറ്റി മണിക്കൂറുകളോളം പാർട്ടി പ്രവർത്തകർക്കൊപ്പം ചിലവഴിച്ചത്. സംഭവത്തിൽ ജൻഡേലിനെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ട്.
പിറന്നാൽ ദിനത്തിൽ പൂമാല അണിഞ്ഞ് ആഘോഷിക്കുന്ന രീതി മദ്ധ്യപ്രദേശിൽ സർവ്വ സാധാരണം ആണ്. എന്നാൽ ഇതിന് പകരമായാണ് ജൻഡേൽ പാമ്പിനെ കഴുത്തിൽ അണിഞ്ഞത്. കറുത്ത നിറത്തിലുള്ള പാമ്പിനെയായിരുന്നു അദ്ദേഹം കഴുത്തിൽ അണിഞ്ഞത്. പാമ്പിനെ കഴുത്തിലിട്ടുകൊണ്ട് കേക്ക് മുറിയ്ക്കുന്നതും ആഘോഷിക്കുന്നതുമെല്ലാം പുറത്തുവന്ന വീഡിയോയിൽ കാണാം.
എല്ലാ ജീവജാലങ്ങളും തനിക്ക് സുഹൃത്തുക്കളെ പോലെ ആണെന്നും അതിനാലാണ് കഴുത്തിൽ പാമ്പിനെ അണിഞ്ഞതെന്നുമാണ് ജൻഡേൽ പറയുന്നത്. എന്നാൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിൽ ആക്കിക്കൊണ്ടുള്ള എംഎൽഎയുടെ പെരുമാറ്റത്തിനെതിരെ സോഷ്യൽ മീഡിയ രംഗത്ത് എത്തി. പാമ്പ് കടിച്ചാൽ ജന്മദിനവും ചരമവാർഷികവും ഒരേ ദിനം ആഘോഷിക്കേണ്ടി വന്നേനെയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
നേരത്തെയും വ്യത്യസ്തമാക്കാൻ എന്ന് പറഞ്ഞ് ജൻഡേൽ അപകടകരമായ രീതികൾ പിറന്നാൾ ആഘോഷിച്ചിട്ടുണ്ട്. വൈദ്യുത തൂണിൽ വലിഞ്ഞുകയറിയും മറ്റും നടത്തിയ പിറന്നാൾ ആഘോഷം നേരത്തെയും ജൻഡേലിന് വ്യാപക വിമർശനം നേടിക്കൊടുത്തിരുന്നു.
Discussion about this post