തിരുവനന്തപുരം: കാട്ടാക്കടയിൽ 10ാം ക്ലാസുകാരൻ വാഹനം ഇടിച്ച് മരിച്ച സംഭവം കൊലപാതകം. സംഭവത്തിൽ പൂവച്ചൽ സ്വദേശി പ്രിയരഞ്ജനെതിരെ പോലീസ് നരഹത്യയ്ക്ക് കേസ് എടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടിയെ മനപ്പൂർവ്വം കാറിടിച്ചതാണെന്ന് വ്യക്തമായത്.
പൂവച്ചൽ സ്വദേശി ആദിശേഖർ ആണ് മരിച്ചത്. കഴിഞ്ഞ മാസം 31 നായിരുന്നു സംഭവം. പുളിങ്ങോട്് ക്ഷേത്രത്തിന് സമീപം സൈക്കിൾ ചവിട്ടി കളിക്കുകയായിരുന്നു കുട്ടി. ഇവിടെയെത്തിയ പ്രിയരഞ്ജൻ കുട്ടിയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലുടെ വാഹനം കയറിയിറങ്ങി. ഇതിന് പിന്നാലെ ഇയാൾ കാറുമായി ഇവിടെ നിന്നും കടന്ന് കളയുകയായിരുന്നു.
വാഹനാപകടം എന്നായിരുന്നു പോലീസ് ആദ്യം കരുതിയിരുന്നത്. ഇതേ തുടർന്ന് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോൾ കുട്ടിയെ മനപ്പൂർവ്വം കാറിടിച്ച് വീഴ്ത്തുന്നതാണ് കണ്ടത്.
കുട്ടിയുടെ അകന്ന ബന്ധുവാണ് പ്രിയരജ്ഞൻ. ക്ഷേത്ര മതിലിന് സമീപം മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ ഉണ്ടായതായി വീട്ടുകാരും പോലീസിനോട് പറഞ്ഞിട്ടുണ്ട്.
സംഭവം നടക്കുന്നയന്നും ഇയാൾ ക്ഷേത്ര മതിലിൽ മൂത്രം ഒഴിച്ചിരുന്നു.
പ്രിയരഞ്ജൻ ഒളിവിലാണ്. ഇയാൾക്കായി ഊർജ്ജിത അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Discussion about this post