ന്യൂഡൽഹി: ഇന്ത്യ മുൻകൈയ്യെടുത്ത് നടപ്പിലാക്കുന്ന ഇന്ത്യ- ഗൾഫ് -യൂറോപ്പ് ഇടനാഴിക്ക് ജി 20 ഉച്ചകോടിയിൽ പ്രഖ്യാപനം. റെയിൽശൃംഖലയും തുറമുഖങ്ങളും റോഡ് മാർഗവും ചരക്കുകൾ കൈമാറ്റം ചെയ്യാൻ ലക്ഷ്യമിടുന്ന ഇടനാഴി രാജ്യങ്ങളുടെ സാമ്പത്തിക, വ്യാപാര മേഖലയിൽ വലിയ കുതിപ്പിനായിരിക്കും വഴി തുറക്കുക.
പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനും യൂറോപ്യൻ യൂണിയൻ നേതാക്കളും സംയുക്തമായിട്ടാണ് പ്രഖ്യാപനം നടത്തിയത്. പാകിസ്താനെ ബന്ധിപ്പിച്ചുളള ചൈനയുടെ ബെൽറ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവിന് ബദലാകും പദ്ധതിയെന്നാണ് വിലയിരുത്തൽ.
നിർണായകവും ചരിത്രപരവുമായ പങ്കാളിത്തമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്. വരും നാളുകളിൽ ഗൾഫ് മേഖലയുമായും യൂറോപ്പുമായും ഇന്ത്യയുടെ സാമ്പത്തിക ഉൾച്ചേർക്കൽ സാദ്ധ്യമാക്കുന്ന പദ്ധതിയാകും ഇതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വമ്പൻ പ്രഖ്യാപനമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവിയെന്ന ജി20യുടെ ആശയം അടയാളപ്പെടുത്തുന്ന പ്രഖ്യാപനമാണിതെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.
യുഎഇ, സൗദി അറേബ്യ, ജോർദ്ദാൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലെ റെയിൽ ശൃംഖലയെയും തുറമുഖങ്ങളെയും ബന്ധപ്പെടുത്തിയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഇന്ത്യയും യൂറോപ്പുമായുളള വ്യാപാര ഇടപാടുകൾ് 40 ശതമാനത്തോളം വേഗത്തിലാക്കാൻ പദ്ധതിയിലൂടെ സാധിക്കും. സാമ്പത്തിക ഇടനാഴിയെ ചരിത്രപരമെന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൻഡെർ ലെയ്ൻ വിശേഷിപ്പിച്ചത്.
ആഗോളവ്യാപാരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതായിരിക്കും പദ്ധതി. പദ്ധതിയുടെ ഗുണഭോക്താക്കളായ രാജ്യങ്ങളുടെ അഭിവൃദ്ധിക്കൊപ്പം അവരുടെ സാമ്പത്തിക സുരക്ഷ കൂടി ഉറപ്പുവരുത്തുന്നതാണ്. നേപ്പാളും ബംഗ്ലാദേശും ഉൾപ്പെടെയുളള ഏഷ്യൻ രാജ്യങ്ങൾക്കും ഇറ്റലി, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കും പദ്ധതി ഗുണം ചെയ്യും. വിയറ്റ്‌നാമിൽ നിന്ന് ഇന്ത്യയിലേക്ക് മ്യാൻമറും ബംഗ്ലാദേശും വഴി ഉൽപ്പന്നങ്ങളെത്തും പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിൽ നിന്നുളള ഉൽപ്പന്നങ്ങൾ 72 മണിക്കൂറിനുളളിൽ യൂറോപ്യൻ വിപണിയിൽ എത്തിക്കാനാകും.
Discussion about this post