മറക്കേഷ് (മൊറോക്കോ): മൊറോക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. 1037 പേർ മരിച്ചതായിട്ടാണ് മൊറോക്കോ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട വിവരം. 1200 ലധികം പേരെ പരിക്കേറ്റ നിലയിൽ രക്ഷപെടുത്തിയിട്ടുമുണ്ട്. ഇവരിൽ 721 പേരുടെ നില ഗുരുതരമാണ്.
ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. അതുകൊണ്ടു തന്നെ മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ വ്യക്തമാക്കി. 120 വർഷത്തിനുളളിൽ മൊറോക്കോയിലുണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണിതെന്ന് ഭൗമശാസ്ത്ര വിദഗ്ധർ വിലയിരുത്തി.
പ്രാദേശിക സമയം വെളളിയാഴ്ച രാത്രി 11 മണിയോടെയാണ് റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മറക്കേഷിലും അഞ്ച് പ്രവിശ്യകളിലുമാണ് ഭൂചലനം വ്യാപക നാശം വിതച്ചത്. എട്ടര ലക്ഷത്തോളം ആളുകൾ താമസിക്കുന്ന നഗരമാണ് മറക്കേഷ്. ഇതിന് 72 കിലോമീറ്റർ തെക്ക് പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവ്വെ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.
ഇത്തരം ശക്തമായ ഭൂചലനങ്ങൾ ഈ മേഖലയിൽ അസാധാരണമാണെന്നാണ് ഭൗമശാസ്ത്ര വിദഗ്ധർ പറയുന്നത്. രാജ്യത്തുണ്ടായ വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സൈന്യവും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. ജനങ്ങൾ തുടർചലനങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി.
മറക്കേഷിലെ ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രക്തദാനത്തിന് കൂടുതൽ ആളുകളോട് എത്തണമെന്നും നിർദ്ദേശമുണ്ട്. യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ ഇടംപിടിച്ച മെദിനയിൽ ഉൾപ്പെടെയാണ് ഭൂചലനം നാശം വിതച്ചത്.
Discussion about this post