തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയ്‌ക്കെതിരെ കർശന വകുപ്പുകൾ ചുമത്താൻ തീരുമാനം. പൂവച്ചൽ സ്വദേശിയായ പ്രതി പ്രിയരഞ്ജനെതിരെ കൊലക്കുറ്റം ചുമത്തും. സംഭവം കൊലപാതകം ആണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. പൂവച്ചൽ സ്വദേശിയായ ആദിശേഖർ ആണ് കൊല്ലപ്പെട്ടത്.
ആദിശേഖറിന്റേത് വാഹനാപകടം ആണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. അതേ തുടർന്ന് നരഹത്യ കുറ്റം ചുമത്തി കേസ് എടുക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നും കുട്ടിയെ മനപ്പൂർവ്വം കാറിടിച്ച് കൊന്നതാണെന്ന് വ്യക്തമായി. ഇതോടെ കുറ്റകരമായ നരഹത്യയ്ക്ക് കേസ് എടുത്തു. ഇതിന് പിന്നാലെ കുട്ടിയോട് പ്രിയരഞ്ജിന് പകയുണ്ടായിരുന്നതായി വീട്ടുകാർ പോലീസിന് മൊഴി നൽകി. ഇതോടെ പോലീസ് കൊലക്കുറ്റം കൂടി ചുമത്തുകയായിരുന്നു. സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ കൂടിയാണ് നടപടി.
അതേസമയം സംഭവ ശേഷം പ്രിയരഞ്ജിൻ ഒളിവിലാണ്. ഇയാൾക്കായി ഊർജ്ജിത തിരച്ചിൽ പുരോഗമിക്കുകയാണ്. ഇയാൾ സംസ്ഥാനത്ത് തന്നെയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ ഫോണും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ക്ഷേത്രമതിലിൽ പ്രിയരഞ്ജിൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരിൽ കുട്ടിയോട് പ്രിയരഞ്ജിന് പകയുണ്ടായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. ആദിശേഖറിൻറെ അകന്ന ബന്ധു കൂടിയാണ് പ്രിയരഞ്ജൻ. കാട്ടാക്കട ചിന്മയ വിദ്യാലത്തിലെ പത്താം ക്ളാസ് വിദ്യാർത്ഥിയാണ് ആദിശേഖർ.
Discussion about this post