മുംബൈ : താനെയില്‍ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന 40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം. അപകടത്തിൽ ആറു പേർ മരിക്കുകയും രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നിര്‍മ്മാണ തൊഴിലാളികളാണ് മരണപ്പെട്ടവർ. കെട്ടിടത്തിന്റെ മേൽക്കൂരയിൽ വാട്ടർപ്രൂഫിംഗ് ജോലിയ്ക്കായി എത്തിയവരായിരുന്നു ഈ തൊഴിലാളികൾ.
താനെയിലെ ബൽകമിലെ നാരായണി സ്‌കൂളിന് സമീപമുള്ള റൺവാൾ ഐറിൻ കെട്ടിടത്തിലാണ് അപകടം നടന്നത്. സംഭവം കണ്ട ദൃക്സാക്ഷികളാണ് പോലീസിൽ വിവരം അറിയിക്കുന്നത് . വിവരം ലഭിച്ചയുടൻ ലോക്കൽ പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
ജോലി പൂർത്തിയാക്കി തൊഴിലാളികൾ ഇറങ്ങുന്നതിനിടെ ലിഫ്റ്റിന്റെ കയർ പൊട്ടുകയായിരുന്നു. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ ലിഫ്റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചെങ്കിലും ആറ് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post