ബംഗളൂരു: നടൻ പ്രകാശ് രാജിനെതിരെ കർണാടകയിലെ കലബുർഗിയിൽ ശക്തമായ പ്രതിഷേധം. തുടർച്ചയായി ഹൈന്ദവ വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തിയത്. ഇന്നലെ നടൻ കലബുർഗി സന്ദർശിച്ചിരുന്നു. ഇതിനിടെയായിരുന്നു പ്രതിഷേധമുണ്ടായത്.
കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിഷേധക്കാർ നടനെതിരെ മുദ്രാവാക്യം മുഴക്കി. നടനെതിരെ കരിങ്കൊടി കാണിക്കുകയും ചെയ്തു. പ്രതിഷേധം കനത്തതോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ചർച്ചയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് നടൻ കലബുർഗിയിൽ എത്തിയത്.
നടൻ കലബുർഗിയിൽ എത്തുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ തന്നെ ഹിന്ദു സംഘടന പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പ്രകാശ് വരുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഇവർ ജില്ലാ മജിസ്ട്രേറ്റിന് കത്തും നൽകിയിരുന്നു. എന്നാൽ ഇതിൽ അനുകൂല നടപടി സ്വീകരിക്കാതെ വന്നതോടെയാണ് പ്രതിഷേധവുമായി നേരിട്ട് രംഗത്ത് എത്തിയത്.
ആഴ്ചകൾക്ക് മുൻപ് പ്രകാശ് രാജ് ശിവമോഗ സന്ദർശിച്ചിരുന്നു. ഇവിടെ നിന്നും ശക്തമായ പ്രതിഷേധം ആയിരുന്നു നടനെതിരെ ഉയർന്നത്. നടൻ എത്തിയ വേദി പ്രതിഷേധക്കാർ ഗോമൂത്രം തളിച്ച് ശുദ്ധിയാക്കുന്ന സാഹചര്യം വരെയുണ്ടായി.
Discussion about this post