രാജമൗലി ചിത്രം ആർആർആറിനെ പുകഴ്ത്തി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ എത്തിയപ്പോൾ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ആർആർആറിനെ കുറിച്ച് ലുല ഡ സിൽവ പറഞ്ഞത്. താൻ ആർആർആർ കണ്ടുവെന്നും, ചിത്രം ആകർഷകമായിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘ആർആർആർ’ മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന ഫീച്ചർ ഫിലിം ആണ്. ചിത്രത്തിൽ മനോഹരമായ നൃത്തവും, രസകരമായ രംഗങ്ങളുമുണ്ട്. ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കും മേലുണ്ടായിരുന്ന ബ്രിട്ടീഷ് ഭരണത്തെ ചിത്രം ആഴത്തിൽ തന്നെ വിമർശന വിധേയമാക്കുന്നുണ്ട്. സിനിമ ലോകത്തെങ്ങും വലിയ വിജയമാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നോട് സംസാരിക്കുന്ന പലരോടും ആർആർആർ കണ്ടിട്ടുണ്ടോ എന്ന കാര്യം ചോദിക്കാറുണ്ട്. ചിത്രത്തിലെ നൃത്തവും, രാഷ്ട്രീയവുമെല്ലാം ഞാൻ ആസ്വദിച്ചു. സിനിമയുടെ സംവിധായകനേയും കലാകാരന്മാരേയും ഞാൻ അഭിനന്ദിക്കുന്നു. ആർആർആർ തന്നെ ഏറെ ആകർഷിച്ചുവെന്നും” അദ്ദേഹം പറയുന്നു.
ഇതിന് പിന്നാലെ ലുല ഡ സിൽവയുടെ വാക്കുകൾക്ക് നന്ദി അറിയിച്ച് സംവിധായകൻ രാജമൗലി രംഗത്തെത്തി. ” ഈ നല്ല വാക്കുകൾക്ക് നന്ദി. താങ്കൾ ആർആർആർ ആസ്വദിച്ചുവെന്നത് ഹൃദയസ്പർശിയായ കാര്യമാണ്. ഞങ്ങളുടെ ടീമിലെ ഓരോരുത്തരും ഇതിൽ അതിയായി സന്തോഷിക്കുന്നുവെന്നും” രാജമൗലി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
Discussion about this post