കൊളംബോ : ഏഷ്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്താനെതിരെ ടീം ഇന്ത്യയ്ക്ക് പടുകൂറ്റൻ ജയം. പാകിസ്താനെ 228 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടുവെച്ച 357 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 128 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. നസീം ഷായും ഹാരിസ് റൗഫും ബാറ്റ് ചെയ്യാനെത്താത്തിനാൽ എട്ട് വിക്കറ്റ് വീണതോടെ കളി അവസാനിക്കുകയായിരുന്നു.
പാകിസ്താൻ നിരയിൽ ആർക്കും മികച്ച സ്കോർ കണ്ടെത്താൻ സാധിച്ചില്ല. 27 റൺസെടുത്ത ഓപ്പണർ ഫഖർ സൽമാനാണ് ടോപ് സ്കോറർ. ആഗ സൽമാനും ഇഫ്തിഖർ അഹമ്മദും 23 റൺസ് വീതവും ബാബർ അസം 10 റൺസുമാണെടുത്തത്. ഉജ്ജ്വലമായ സ്വിംഗ് ബൗളിംഗ് പുറത്തെടുത്ത ഇന്ത്യൻ പേസ് ബൗളർമാരാണ് പാകിസ്താനെ പിടിച്ചു കെട്ടിയത്. അഞ്ച് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ബൂമ്രയും അഞ്ച് ഓവറിൽ 17 റൺസ് വഴങ്ങി ബബർ അസമിന്റെ വിക്കറ്റ് വീഴ്ത്തിയ ഹാർദികുമാണ് പാകിസ്താനെ തുടക്കത്തിൽ തന്നെ തകർത്തത്. കുൽദീപ് യാദവിന്റെ ഇടം കയ്യൻ സ്പിൻ ബൗളിംഗ് പാക് മദ്ധ്യ നിരയെ കറക്കി വീഴ്ത്തിയതോടെ പാകിസ്താൻ പടുകൂറ്റൻ തോൽവി നേരിടുകയായിരുന്നു.
രണ്ട് ദിവസമായി നടന്ന കളിയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഭാരതത്തിനു വേണ്ടി ഉജ്ജ്വല പ്രകടനമാണ് ബാറ്റർമാർ കാഴ്ച്ചവച്ചത്. ദേ കാണ്ട് പ്ലേ ഹിം എന്ന ടാഗ് ട്രെൻഡ് ചെയ്തതിന്റെ ആവേശവുമായി എത്തിയ പാകിസ്താന്റെ പേസർമാരെ എലികളാക്കുന്ന ബാറ്റിംഗായിരുന്നു ഓപ്പണർമാരായ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും പുറത്തെടുത്തത്. തുടക്കത്തിൽ തന്നെ ഷഹീൻ അഫ്രിഡിയെ താളം കണ്ടെത്താൻ അനുവദിക്കാത്ത രീതിയിൽ സ്ട്രോക്ക് പ്ളേ പുറത്തെടുത്ത് ശുഭ്മാൻ ഗില്ലായിരുന്നു ആക്രമണം നടത്തിയത്. ആദ്യ ഓവറിൽ തന്നെ അഫ്രിഡിയെ രോഹിത് സിക്സറിനു പറത്തുകയും ചെയ്തു.
നിലയുറപ്പിക്കാൻ സമയമെടുത്ത ക്യാപ്ടൻ രോഹിത് ശർമ്മയും താളം കണ്ടെത്തിയതോടെ റണ്ണൊഴുക്ക് ആരംഭിച്ചു. പതിമൂന്നാം ഓവറിൽ ടീം നൂറു റൺസ് തികച്ചു. സ്കോർ 121 ൽ നിൽക്കേ ആദ്യ വിക്കറ്റ് വീണു. ഷദാബ് ഖാന്റെ പന്തിൽ ഇൻസൈഡ് ഔട്ട് ഷോട്ടിനു ശ്രമിച്ച് ക്യാപ്ടൻ രോഹിത് ശർമ്മ ലോംഗോഫിൽ ഫഹീം അഷറഫിന്റെ കൈകളിൽ ഒതുങ്ങി. 49 പന്തിൽ 56 റൺസായിരുന്നു രോഹിതിന്റെ സമ്പാദ്യം. ആറു ഫോറുകളും നാല് സിക്സറുകളും പറത്തിയതായിരുന്നു ക്യാപ്ടന്റെ ഇന്നിംഗ്സ്. തൊട്ടടുത്ത ഓവറിൽ അഫ്രിഡിയുടെ സ്ലോ ബോളിൽ ശുഭ്മാൻ ഗില്ലും വീണു. കവറിൽ ആഗ സൽമാനായിരുന്നു ക്യാച്ചെടുത്തത്. പത്ത് ബൗണ്ടറികളുടെ സഹായത്തോടെ 52 പന്തിൽ 58 റൺസായിരുന്നു ഗിൽ നേടിയത്.
മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ കെ.എൽ രാഹുലും വിരാട് കോഹ്‌ലിയും ഒത്തു ചേർന്നതോടെ ഇന്ത്യ ശക്തമായ നിലയിലേക്ക് നീങ്ങി. ആദ്യം പതിയെ തുടങ്ങിയ ഇരുവരും ഇന്നിംഗ്സിന്റെ അവസാനമായപ്പോഴേക്കും അടിച്ചു തകർക്കുകയായിരുന്നു. ഏറെക്കാലത്തെ ഫോമില്ലായ്മയ്ക്കും പരുക്കിനും ശേഷം തിരിച്ചെത്തിയ രാഹുൽ ആദ്യ മത്സരം തന്നെ സെഞ്ച്വറിയോടെ അവിസ്മരണീയമാക്കി. മറുവശത്ത് സ്വതസിദ്ധമായ ശൈലിയിൽ മനോഹരമായ സ്ട്രോക്ക് പ്ളേ പുറത്തെടുത്ത വിരാട് കോഹ്ലി സെഞ്ച്വറിക്കൊപ്പം ഏകദിനത്തിൽ പതിമൂവായിരം റൺസും തികച്ചു. 94 പന്തിൽ 9 ബൗണ്ടറികളുടേയും മൂന്ന് മനോഹരമായ സിക്സറുകളുടേയും സഹായത്തോടെ വിരാട് കോഹ്‌ലി 122 റൺസ് നേടി. 106 പന്തിൽ 12 ബൗണ്ടറികളും രണ്ട് സിക്സറുകളും പറത്തി രാഹുൽ 111 റൺസാണ് നേടിയത്. ബൗളറുടെ തലയ്ക്ക് മുകളിലൂടെ സിക്സർ പറത്തിയാണ് കോഹ്ലി ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
ഏഷ്യ കപ്പിലെ ആദ്യ ഇന്ത്യ-പാക് മത്സരത്തിൽ പാക് പേസർമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ പതറിയിരുന്നു. അന്ന് ദേ കാണ്ട് പ്ലേ ഹിം എന്ന ടാഗ് പാക് ആരാധകരും പത്രങ്ങളും ആഘോഷമാക്കിയിരുന്നു. ഷഹീൻ അഫ്രിഡിയുടെ പന്തുകളിൽ രോഹിതും കോഹ്‌ലിയും പുറത്തായതിനെ തുടർന്നായിരുന്നു ഈ ആഘോഷം. എന്നാൽ ഇതിനെല്ലാം പകരം വീട്ടുന്നതായിരുന്നു ഇന്നത്തെ ഇന്ത്യൻ ഇന്നിംഗ്സ്. 10 ഓവറിൽ 11 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 79 റൺസാണ് ഷഹീൻ അഫ്രിഡി വഴങ്ങിയത്.
ഏകദിനത്തിലെ 47 ആം സെഞ്ച്വറിയും 77-)0 അന്താരാഷ്ട്ര സെഞ്ച്വറിയും നേടിയ വിരാട് കോഹ്‌ലിയാണ് കളിയിലെ താരം.
Discussion about this post