വീണ്ടും നിപ്പ ഭീതിയിലാണ് കോഴിക്കോട് ജില്ല. സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ടുപേർക്ക് നിപ്പ് വൈറസ് ബാധിച്ചെന്നാണ് പ്രാഥമിക വിവരം. ഇതോടെ സംസ്ഥാനത്തുടനീളം ആശങ്ക ഉയർന്നിരിക്കുകയാണ്. സർക്കാർ ജാഗ്രത പുറപ്പെടുവിച്ച സാഹചര്യത്തിൽ നമുക്കും ഒറ്റക്കെട്ടായി പ്രതിരോധം തീർക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു സൂണോട്ടിക് വൈറസാണ് നിപ്പ. ഹെനിപാ വൈറസ് ജീനസിലെ പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ് നിപ വൈറസ്. അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ആർഎൻഎ വൈറസാണ്. രോഗബാധിതരുമായി ഇടപഴകുന്നവരിലേക്ക് ഈ രോഗം പകരാം. അതുകൊണ്ട് തന്നെ രോഗിയെ പരിചരിക്കുന്നവരും ആശുപത്രി ജീവനക്കാരും കൂടുതൽ ജാഗ്രത പാലിക്കണം.
വൈറസ് ശരീരത്തിനുള്ളിലേക്ക് പ്രവേശിച്ചാൽ നാല് മുതൽ 14 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. ഇത് ചിലപ്പോൾ 21 ദിവസം വരെയും ആകാം. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അപൂർവമായി ചുമ, വയറുവേദന, മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു. ചിലപ്പോൾ ലക്ഷണങ്ങൾ പ്രകടമാകാൻ 21 ദിവസം വരെയെടുക്കും. രോഗലക്ഷണങ്ങൾ പ്രകടമായാൽ പെട്ടെന്ന് തന്നെ രോഗി ഗുരുതരാവസ്ഥയിലാകും. അതുകൊണ്ട് രോഗം പിടിപെടാതിരിക്കാൻ കൃത്യമായ പ്രതിരോധ മാർഗ്ഗങ്ങൾ എടുക്കണം. നിപ്പ വൈറസ് രോഗബാധയുള്ള വവ്വാലിൽ നിന്നോ പന്നികളിൽ നിന്നോ ആണ് ഇവ മനുഷ്യരിലെത്തുക.
വവ്വാലുകൾ കൂടുതലുള്ള ഇടങ്ങളിലും വവ്വാലുകൾ കൂടുതലുള്ള മരച്ചുവടുകളിലും പോകരുത്. വവ്വാൽ കടിച്ച പഴങ്ങൾ, താഴെ വീണു കിടക്കുന്ന പഴങ്ങൾ എന്നിവ എടുക്കുകയോ കഴിക്കുകയോ ചെയ്യരുത്. മരത്തിൽ നിന്നും പറിച്ചെടുക്കുന്ന ഫലങ്ങൾ ആണെങ്കിലും നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. പന്നിവളർത്തൽ ഫാമിലെ ജോലിക്കാർ കാലുറ, കയ്യുറ, മാസ്‌ക് എന്നിവ ധരിക്കണം. പന്നികൾക്ക് ആരോഗ്യ സംബന്ധിയായ എന്ത് വ്യത്യാസം തോന്നിയാലും മൃഗ ഡോക്ടറെ അറിയിക്കണം.
മാസ്‌ക് ധരിക്കൽ, ശാരീരിക അകലം പാലിക്കൽ, കൈകൾ അണുവിമുക്തമാക്കൽ എന്നിവ നിപ്പയെ പ്രതിരോധിക്കാനും സഹായിക്കും. പനിയുടെ ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്. വവ്വാലുകൾ ധാരാളമുളള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.വവ്വാലുകൾ കടിച്ച പഴങ്ങൾ സ്പർശിക്കുകയോ കഴിക്കുകയോ ചെയ്യരുത്. രോഗിയുമായി സമ്പർക്കം ഉണ്ടായാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക.കൃത്യമായി മാസ്‌ക് ഉപയോഗിക്കുക.സാമൂഹിക അകലം പാലിക്കുക.രോഗിയിൽ നിന്നും ഒരു മീറ്റർ അകലം എങ്കിലും പാലിക്കുക. രോഗി കിടക്കുന്ന സ്ഥലത്ത് നിന്നും അകലം പാലിക്കുക.രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുക.രോഗിയുടെ വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകി ഉണക്കുക.ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻറ് നന്നായി കഴുകുക.
Discussion about this post