കൊളംബോ : ശ്രീലങ്കക്കെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം. 214 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ശ്രീലങ്കയെ 172 റൺസിൽ പിടിച്ചുകെട്ടിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ കളിയിലെ താരമായ കുൽദീപ് യാദവിന്റെ 4 വിക്കറ്റ് നേട്ടമാണ് ശ്രീലങ്കയെ തകർത്തത്. രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയും പിന്തുണ നൽകിയതോടെ ഇന്ത്യ 41 റൺസിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.
214 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ശ്രീലങ്കയെ താളം കണ്ടെത്താൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല. ഏഴാം വിക്കറ്റിൽ ധനഞ്ജയ ഡിസിൽവയും ദുനിത് വെല്ലലാഗെയും ചേർന്ന് 63 റൺസിന്റെ പാർട്ട്ണർഷിപ്പുണ്ടാക്കിയെങ്കിലും രവീന്ദ്ര ജഡേജയുടെ പന്തിൽ ഡിസിൽവ പുറത്തായതോടെ ശ്രീലങ്ക തകരുകയായിരുന്നു. ജഡേജയുടെ പന്ത് ലോംഗോണിലേക്ക് ഉയർത്തിയടിക്കാൻ ശ്രമിച്ച ഡിസിൽവ ഗില്ലിന്റെ കയ്യിൽ ഒതുങ്ങിയതാണ് കളിയിലെ വഴിത്തിരിവായത്.
42 റൺസെടുത്ത് പുറത്താകാതെ നിന്ന വെല്ലലാഗെയാണ് ടോപ് സ്കോറർ. ഡിസിൽവ 41 റൺസെടുത്തു. ചരിത് അസ്‌ലങ്ക 22 റൺസും സമര വിക്രമ 17 റൺസുമെടുത്തു. മൂന്നാം ഓവറിൽ തന്നെ പതും നിസാങ്കയെ വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈകളിലെത്തിച്ച് ബുമ്രയാണ് ശ്രീലങ്കയെ ഞെട്ടിച്ചത്. ഏഴാം ഓവറിൽ കുശാൽ മെൻഡിസ് സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ച് ബുമ്ര രണ്ടാമത്തെ പ്രഹരം നൽകി. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് സിറാജ് കരുണരത്നയെ വീഴ്ത്തിയതോടെ ശ്രീലങ്ക പരുങ്ങലിലായി. സമര വിക്രമയും അസലങ്കയും ചേർന്ന് പത്ത് ഓവർ വിക്കറ്റ് പോകാതെ പിടിച്ചു നിന്നെങ്കിലും കുൽദീപ് യാദവിന്റെ പന്തിൽ സമര വിക്രമയെ കെ.എൽ രാഹുൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. അസലങ്കയും ക്യാപ്ടൻ സനകയും 100 റൺസെടുക്കുന്നതിനു മുൻപേ പവലിയൻ കയറിയതോടെ ശ്രീലങ്ക പരാജയം നേരിട്ടു. തുടർന്നായിരുന്നു ഡിസിൽവ- വെല്ലലാഗെ കൂട്ടുകെട്ട്.
ഡിസിൽവയുടെ പുറത്താകലിന് പിന്നാലെ മഹേഷ് തീഷ്ണയെ സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ച് ഹാർദിക് പാണ്ഡ്യ ടീമിനെ ജയത്തിലേക്ക് അടുപ്പിച്ചു. തൊട്ടടുത്ത ഓവറിൽ തന്നെ രജിതയേയും പാതിരാനയേയും ക്ലീൻ ബൗൾ ചെയ്ത് കുൽദീപ് യാദവ് ടീമിന് ജയം സമ്മാനിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 49 ഓവറിൽ 213 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ശ്രീലങ്കയുടെ സ്പിൻ ബൗളിംഗിനു മുന്നിൽ ഇന്ത്യൻ ബാറ്റർമാർ വിക്കറ്റുകൾ അടിയറ വെച്ചതോടെയാണ് ചെറിയ സ്കോറിൽ ഇന്ത്യ ഒതുങ്ങിയത്. ഓപ്പണിംഗ് വിക്കറ്റിൽ 80 റൺസ് നേടിയതിനു ശേഷമായിരുന്നു ഇന്ത്യയുടെ പതനം. 53 റൺസെടുത്ത ക്യാപ്ടൻ രോഹിത് ശർമ്മയാണ് ഇന്ത്യൻ ഇന്നിംഗ്സിൽ തിളങ്ങിയത്. ഏകദിന ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ എല്ലാ വിക്കറ്റുകളും സ്പിന്നർമാരാണ് വീഴ്ത്തിയത്. വെല്ലലാഗെ അഞ്ച് വിക്കറ്റും അസലങ്ക നാലു വിക്കറ്റും നേടി. കെ.എൽ രാഹുൽ 39 ഉം ഇഷാൻ കിഷൻ 33 റൺസുമെടുത്തു. വാലറ്റത്ത് അക്സർ പട്ടേൽ നേടിയ 26 റൺസ് കളിയിൽ നിർണായകമായി. 40 റൺസിന് 5 ഇന്ത്യൻ വിക്കറ്റുകൾ പിഴുത വെല്ലലാഗെയാണ് പ്ലെയർ ഓഫ് ദ മാച്ച്.
Discussion about this post